ബിസിനസ് കൂട്ടാൻ പുതുവഴി തേടി ഹലാൽ ഫായിദ
text_fieldsകണ്ണൂർ: സി.പി.എം നേതൃത്വത്തിൽ കണ്ണൂരില്‍ തുടങ്ങിയ ഹലാൽ ഫായിദ സഹകരണ സംഘം ബിസിനസ് വർധിപ്പിക്കാൻ പുതുവഴികൾ തേടുന്നു. ഒമ്പതുവർഷം മുമ്പ് തുടങ്ങിയ സഹകരണ സംഘം ലക്ഷ്യം കണ്ടില്ലെന്ന തിരിച്ചറിവിലാണ് വീണ്ടും സജീവമാക്കുന്നത്. ഇതിന്റെ മുന്നോടിയായി കണ്ണൂരിൽ വീണ്ടും ഓഫിസ് തുറന്നു. സെപ്റ്റംബർ 20ന് ഓഹരിയുടമകളുടെ സമ്പൂർണ യോഗവും വിളിച്ചിട്ടുണ്ട്. ആ യോഗത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കും.
ഇസ്ലാമിക് ബാങ്കിങ് മാതൃകയിലുള്ള സഹകരണ സംഘം ബീഫ് കയറ്റുമതി ഉൾപ്പടെയുള്ള ബിസിനസാണ് ലക്ഷ്യമിട്ടിരുന്നത്. വിവിധ കാരണങ്ങളാൽ ബീഫ് കയറ്റുമതി തുടങ്ങാനായില്ല. ഇതൊഴിവാക്കി മറ്റു സംരംഭങ്ങൾ തുടങ്ങാനാണ് അടുത്ത പദ്ധതി. കണ്ണൂർ ജില്ല പ്രവർത്തനമേഖലയായ സഹകരണ സംഘത്തിൽ 500 ഓളം ഓഹരിയുടമകളുണ്ട്. ഓഹരിയുടമകളുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ തുക സമാഹരിക്കുകയാണ് ലക്ഷ്യം. സി.പി.എം നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹലാൽ ഫായിദ പുനരുജ്ജീവിപ്പിക്കുന്നത്.
പി. ജയരാജൻ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്ന കാലത്താണ് കണ്ണൂരിൽ ഹലാല്‍ ഫായിദ ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. 2017 ആഗസ്റ്റ് 25ന് രജിസ്റ്റർ ചെയ്ത് നവംബർ 13ന് സൊസൈറ്റി പ്രവർത്തനം തുടങ്ങി. 6913 ഓഹരികളിലായി 17,28250 രൂപ സമാഹരിച്ചു. ഓഫിസ് സൗകര്യം, ഫർണീച്ചർ, കമ്പ്യൂട്ടർ ഉൾപ്പെടെ സജ്ജീകരിച്ചതിതിന് 6,65,338 രൂപ ചെലവായി. രണ്ടു ജീവനക്കാരുടെ ശമ്പളം, ഓഫിസ് വാടക എന്നീയിനത്തിൽ ശേഷിക്കുന്ന തുകയും ചെലവഴിച്ചുതീർന്നതോടെ ഹലാൽ ഫായിദ പാതിവഴിയിൽ നിലച്ചു.
250 രൂപ മുതൽ ലക്ഷം വരെ നിക്ഷേപിച്ച ഓഹരിയുടമകൾ ആശങ്കയിലായെങ്കിലും ഒരാൾ മാത്രമാണ് പണം തിരികെ ചോദിച്ച് രംഗത്തെത്തിയത്. സഹകരണ സംഘത്തിന് അഞ്ചു കോടി വരെ നിക്ഷേപിക്കാനുള്ള അനുമതിയുണ്ട്. ഇതെല്ലാം കണ്ട് പുതിയ ബിസിനസാണ് ബോർഡ് ലക്ഷ്യമിടുന്നത്.
പലപദ്ധതികളും ആവിഷ്കരിച്ചതായും ഓഹരിയുടമകളുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും ദ ഹലാൽ ഫായിദ കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് പ്രസിഡന്റ് സി. അബ്ദുൽ കരീം പറഞ്ഞു. ഉദ്ദേശിച്ച ബിസിനസ് നടന്നില്ലെങ്കിലും ഹലാൽ ഫായിദ നിർത്തുന്നുവെന്നത് തെറ്റായ പ്രചാരണമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

