കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ അരലക്ഷം പേർ പങ്കെടുക്കും
text_fieldsതിരുവനന്തപുരം: ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് 23ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയിൽ അരലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. റാലി ചരിത്രസംഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം നാലരക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ, സാമൂഹിക, സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ഫലസ്തീന് ജനതയുടെ ദുര്‍വിധി ചൂഷണം ചെയ്ത് സി.പി.എം അവസരവാദ പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസിന് എക്കാലവും ഫലസ്തീന് ജനതയോടൊപ്പം അടിയുറച്ചുനിന്ന ചരിത്രമാണുള്ളത്. അറബ് ജനതയുടെ മണ്ണാണ് ഫലസ്തീനെന്ന് മഹാത്മാ ഗാന്ധി വ്യക്തമാക്കിയ നിലപാടിലൂന്നിയ നയവും സമീപനവുമാണ് അന്നുമുതല്‍ ഇന്നോളം കോണ്‍ഗ്രസും കോണ്‍ഗ്രസ് സര്‍ക്കാറുകളും സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി സര്‍ക്കാറിന്റെ നയങ്ങളെ തിരുത്താന്‍ ദേശീയതലത്തില്‍ പ്രാപ്തമായ സംഘടനയും കോണ്‍ഗ്രസ് മാത്രമാണെന്ന് സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി സി.പി.എമ്മിനെ വിറളിപിടിപ്പിച്ചതുകൊണ്ടാണ് കോഴിക്കോട് റാലിയെ ഭരണകൂടത്തെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചത്. ചോരയും നീരും കൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ അനുമതി നല്‍കിയതെന്നും സുധാകരന് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.