‘നിങ്ങൾ ആർത്തിപൂണ്ടല്ലേ പണം നൽകിയത്’ എന്ന മന്ത്രി കൃഷ്ണൻകുട്ടിയുടെ നിലപാട് വെല്ലുവിളി; തട്ടിപ്പിൽ മന്ത്രിക്ക് പങ്കെന്ന ആരോപണവുമായി കോൺഗ്രസ്
text_fieldsചിറ്റൂർ: പാതിവില തട്ടിപ്പിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫിസിനും പങ്കെന്ന ആരോപണവുമായി കോൺഗ്രസ്. മന്ത്രിയുടെ പേഴ്സനൽ അസിസ്റ്റൻറ് കെ. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ പറഞ്ഞു. മന്ത്രിയുടെ ഓഫിസിലെത്തി അദ്ദേഹത്തെ കണ്ട് സംസാരിച്ചതിനുശേഷമാണ് തട്ടിപ്പിനിരയായവർ പണം നൽകിയതെന്ന് പകൽ പോലെ തെളിഞ്ഞിരിക്കുകയാണ്. മന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ അദ്ദേഹത്തിന്റെ ഓഫിസിൽ മാസങ്ങളായി പണമിടപാട് നടത്താൻ കഴിയുമെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.
കെ. കൃഷ്ണൻകുട്ടിയുടെ സന്തതസഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനും അസി. പ്രൈവറ്റ് സെക്രട്ടറിയുമായ കെ. പ്രേംകുമാറിനെയാണ് പണമിടപാട് നടത്താൻ ഏൽപ്പിച്ചത്. പാതിവില തട്ടിപ്പിന് ഇടനിലക്കായി ഒരു സംഘടന വേണമെന്നതിനാൽ ചിറ്റൂർ സോഷ്യോ ഇകോണമിക് എൻവയൺമെന്റൽ ഡെവലപ്മെന്റ് സൊസൈറ്റി എന്നപേരിൽ സംഘടന രൂപവത്കരിച്ചു. എന്നാൽ, പൊതുപ്രവർത്തനത്തിനപ്പുറം സാമ്പത്തികമായിരുന്നു ലക്ഷ്യമെന്നതിനാൽ പാർട്ടി ഓഫിസിന്റെ വിലാസം നൽകാതെ സ്വന്തം വീടിന്റെ വിലാസമാണ് പ്രേംകുമാർ സംഘടനക്ക് നൽകിയത്. ഇത്രയും ആസൂത്രണത്തോടെ തട്ടിപ്പ് നടത്തിയിട്ട് ഇരകളോട് ‘നിങ്ങൾ ആർത്തിപൂണ്ടല്ലേ പണം നൽകിയത്’എന്ന മന്ത്രിയുടെ നിലപാട് പണം നഷ്ടമായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിശ്വാസവഞ്ചന കാണിച്ചതിലൂടെ സത്യപ്രതിജ്ഞലംഘനമാണ് മന്ത്രി നടത്തിയത്.
തട്ടിപ്പിൽ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പദവി രാജിവെക്കാനുള്ള മാന്യത കെ. കൃഷ്ണൻകുട്ടി കാണിക്കണം. എം.എൽ.എ സ്ഥാനം അടക്കം രാജിവെച്ച് അന്വേഷണം നേരിടാൻ തയാറാകണം. സൊസൈറ്റിയുടെയും പ്രേംകുമാറിന്റെയും അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് നഷ്ടമായ തുക ഇരകൾക്ക് തിരിച്ചുനൽകണം. ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.