പാതിവില തട്ടിപ്പ്: ബാങ്കുകൾക്ക് ഇ.ഡി നോട്ടീസ്; അനന്തു കൃഷ്ണന്‍റെയും കൂട്ടുപ്രതികളുടെയും സ്വത്തും നിക്ഷേപങ്ങളും കണ്ടുകെട്ടാനും ഇ.ഡി നീക്കം തുടങ്ങി
text_fieldsകൊച്ചി: പാതി വിലക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്‍റെ ഇടപാടുകളുടെ വിവരങ്ങൾ തേടി ബാങ്കുകൾക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകിത്തുടങ്ങി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി കേസെടുത്തതിന് പിന്നാലെയാണ് നടപടി. അനന്തു കൃഷ്ണന്‍റെയും കൂട്ടുപ്രതികളുടെയും സ്വത്തും നിക്ഷേപങ്ങളും കണ്ടുകെട്ടാനും ഇ.ഡി നീക്കം തുടങ്ങിയിട്ടുണ്ട്.
അനന്തു കൃഷ്ണന്‍റെ പേരിലുള്ള 19 ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിപ്പ് കാലയളവിൽ 450 കോടിയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച വിവരങ്ങളാണ് ബാങ്കുകളോട് ഇ.ഡി ആവശ്യപ്പെട്ടത്.
കേസുമായി ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. നിലവിൽ പൊലീസ് പ്രതിയാക്കിയ എല്ലാവരും ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയാകുമെന്നാണ് അറിയുന്നത്. അനന്തു കൃഷ്ണനെയും വിശദമായി ചോദ്യം ചെയ്യും. ഇരുചക്ര വാഹനങ്ങളുടെയും മറ്റും പാതി വിലയായി അനന്തു കൃഷ്ണൻ സമാഹരിച്ച തുകയുടെ ഭൂരിഭാഗവും സോഷ്യൽ ബി. വെഞ്ചേഴ്സ്, പ്രഫഷനൽ സർവീസ് ഇന്നവേഷൻസ്, ഗ്രാസ് റൂട്ട് ഇന്നവേഷൻസ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലാണ് എത്തിയത്. ഈ സ്ഥാപനങ്ങളുടെ കൊച്ചിയിലെ ഓഫിസുകളിൽ അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് നടത്തുകയും ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇതിനിടെ, തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത 700 ഓളം കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. മുന്നൂറോളം കേസുകൾ ഇതിനകം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബാക്കി കേസുകൾ ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.