പാതിവില തട്ടിപ്പ്: വൈദ്യുതി മന്ത്രിയുടെ ഓഫിസിനും പങ്കെന്ന് ആരോപണം
text_fieldsചിറ്റൂർ: പാതിവില തട്ടിപ്പിൽ വൈദ്യുതി മന്ത്രിയുടെ ഓഫിസിനും പങ്കെന്ന് ആരോപണം. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫിസിൽ വെച്ച് അപേക്ഷകരിൽനിന്ന് പണം കൈപ്പറ്റിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. നൂറുകണക്കിനു പേരെ പദ്ധതിയിൽ ചേർത്ത സീഡ് സൊസൈറ്റിയുടെ പേരിൽ പണപ്പിരിവ് നടത്തിയത് മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണെന്ന് പരാതിക്കാർ പറയുന്നു.
ജനതാദൾ-എസിന്റെ നല്ലേപ്പിള്ളി പഞ്ചായത്ത് അംഗംകൂടിയായ പ്രീതി നിരവധി പേരിൽനിന്ന് മന്ത്രിയുടെ ഓഫിസിൽവെച്ച് പണം കൈപ്പറ്റുകയും രസീത് നൽകുകയും ചെയ്തിരുന്നു എന്ന് പരാതിക്കാർ പറയുന്നു. ചിറ്റൂർ, പുതുനഗരം, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിലായി അടുത്ത ദിവസങ്ങളിൽ എത്തിയത് ആയിരത്തോളം പരാതികളാണ്. ഇതിൽ ഭൂരിപക്ഷവും പാതിവിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി എന്ന പരാതിയാണ്.
സർക്കാറിന്റെ പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് വ്യാപകമായി പണപ്പിരിവ് നടത്തിയത്. 56,000 രൂപ എൻ.ജി.ഒ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്കും 5500 രൂപ ഇടനില നിന്ന സീഡ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്കുമാണ് അയപ്പിച്ചത്. സീഡ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ നിർദേശിച്ച പണം ഇവരുടെ കമീഷനാണെന്ന് പരാതിക്കാർ പറയുന്നു.
കുറ്റക്കാരെ സംരക്ഷിക്കില്ല -മന്ത്രി
ചിറ്റൂർ: പാതിവില തട്ടിപ്പ് വിഷയത്തിൽ കുറ്റക്കാരെ ഒരു സാഹചര്യത്തിലും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. പാർട്ടി പ്രവർത്തകർ അഴിമതി കാണിച്ചാൽ സംരക്ഷിക്കുന്ന നിലപാടല്ല ജനതാദൾ-എസിന്റേത്. പൊലീസിൽ പരാതി നൽകാൻ മുൻകൈയെടുത്തത് മന്ത്രിയുടെ ഓഫിസാണ്. പരാതിക്കാർക്കൊപ്പം തുടർന്നും നിലകൊള്ളുമെന്നും ആവശ്യമായ എല്ലാ നിയമസഹായങ്ങളും നൽകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അത്യാഗ്രഹംകൊണ്ടാണ് ആളുകൾ തട്ടിപ്പുകാർക്ക് പണം നൽകിയതെന്ന് മന്ത്രി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.