‘ഹരിതമിത്രം’ ആപ് ഇനി ‘ഹരിതമിത്രം 2.0’; ഹരിതകർമസേന ഫീസ് ഓൺലൈനിലും അടക്കാം
text_fieldsതിരുവനന്തപുരം: വാതിൽപ്പടി മാലിന്യശേഖരണത്തിന് ഹരിതകർമസേനക്ക് നൽകുന്ന യൂസർ ഫീ ഓൺലൈനിൽ അടക്കാൻ സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്തെ 14 മുനിസിപ്പാലിറ്റികളിലും 15 ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം കോർപറേഷനിലും ഈ സൗകര്യം ഉടന്‍ നടപ്പാകും.
മാലിന്യനീക്കം ഓണ്‍ലൈനായി രേഖപ്പെടുത്താനും നിരീക്ഷിക്കാനുമുള്ള ഹരിതമിത്രം ആപ് ‘ഹരിതമിത്രം 2.0’ എന്ന പേരില്‍ പരിഷ്കരിച്ചാണ് ഈ സംവിധാനം സജ്ജമാക്കുക. കെ-സ്മാര്‍ട്ടുമായി സംയോജിപ്പിച്ചാണ് ഹരിതമിത്രം ആപ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. അതിനെ ഹരിതമിത്രം 2.0 യിലേക്ക് ബന്ധിപ്പിക്കും.
അതിര്‍ത്തി ജില്ലകളിലുള്ളവരുടെ സൗകര്യത്തിന് തമിഴ്, കന്നട ഭാഷകളിൽ ആപ് തയാറാക്കുന്നതും പരിഗണനയിലാണ്. ഫീസ് അടക്കാൻ യു.പി.ഐ സംവിധാനമാണ് നടപ്പാക്കുക. പണമടക്കുന്നത് ഓണ്‍ലൈനിലേക്ക് മാറുന്നതോടെ ഏതുസമയവും രസീത് ഡൗണ്‍ലോഡ് ചെയ്യാം.
ഫീസ് നല്‍കാത്തവരില്‍നിന്ന് നിശ്ചിത സമയം കഴിഞ്ഞാല്‍ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഹരിതമിത്രം 2.0 യില്‍ ഫീസ് വിവരം നേരിട്ട് കിട്ടുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കല്‍ എളുപ്പമാകും. യൂസര്‍ഫീയും പിഴത്തുകയും കെട്ടിട നികുതി കുടിശ്ശികയായി കണക്കാക്കും.
കെ-സ്മാര്‍ട്ടിലെ ഡോര്‍ നമ്പറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ഫ്ലാറ്റുകള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ പൊതുവായി മാലിന്യം ശേഖരിക്കാനുള്ള സൗകര്യവും ലഭ്യമാക്കും. ഹരിതമിത്രം ആപ് 2.0 യുടെ ഉദ്ഘാടനം ആഗസ്റ്റ് 20ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.