Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാഫി പറമ്പിൽ വർഗീയവാദിയാണെന്ന പത്മജയുടെ നിലപാട് മാറിയോ? അനിൽ ആന്റണി ദൈവത്തെയോർത്ത് ബിജെപി വിടരുത്... -ഡോ. ജിന്റോ ജോൺ

text_fields
bookmark_border
Jinto John, Padmaja Venugopal, Shafi Parambil, Anil Antony
cancel
camera_alt

ഡോ. ജിന്റോ ജോൺ, പത്മജ വേണുഗോപാൽ, ഷാഫി പറമ്പിൽ, അനിൽ ആന്റണി

കൊച്ചി: ബി.ജെ.പി വിട്ട പത്മജ വേണുഗോപാലിനും ഇപ്പോഴും ബി.ജെ.പിയിൽ തുടരുന്ന അനിൽ ആന്റണിക്കുമെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ബി.ജെ.പി വിട്ട പത്മജ വേണുഗോപാൽ പാർട്ടി അനുഭാവിയായി തിരിച്ചുവന്നാൽ മതി​യെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ വർഗീയവാദിയാണെന്ന് പറഞ്ഞ നിലപാട് മാറിയോ എന്നതടക്കം 19 കാര്യങ്ങളിൽ പത്മജ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണമെന്നും ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.

എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ദൈവത്തെയോർത്ത് ബിജെപി വിടരുതെന്നും ജിന്റോ ജോൺ പറഞ്ഞു. താൻ ബി.ജെ.പി വിടില്ലെന്ന അനിലിന്റെ പ്രസ്താവന പങ്കു​വെച്ച ജിന്റോ ജോൺ, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെയെന്നും പരിഹസിച്ചു.

‘ദൈവത്തെയോർത്ത് അനിൽ ബിജെപി വിടരുത്. അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ. ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്. പ്ലീസ്. കോൺഗ്രസ്സ് വളക്കൂറിൽ വളർന്നു തടിച്ചപ്പോൾ തള്ളിപ്പറഞ്ഞുപോയി ബിജെപിയിൽ ചേക്കേറിയ ശേഷം അവിടന്ന് വോളന്ററി റിട്ടർമെന്റ് എടുക്കുന്നവരെ സ്വീകരിക്കാൻ ഇനി പരവതാനി ബാക്കിയില്ല അനിൽ ജീ. അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം: ‘എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ, 125 വർഷം കഴിഞ്ഞ് ഭാരതത്തെ വികസിപ്പിക്കാൻ മോദിജീയുടെ കരങ്ങൾക്ക് ശക്തി പകരാനുള്ള പോരാളിയാണേ..’ -ജി​ന്റോ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തിയിട്ട് പത്മജ തിരിച്ചുവന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ‘അതാകണ്ടേ വന്നുകയറാൻ ആഗ്രഹിക്കുന്നവരുടെ മിനിമം യോഗ്യത. അവർ നിരുപാധികമായി വരട്ടെ... അണിയായി. അനുഭാവിയായി. പ്രവർത്തകയായി. അണികളുടേയും അനുഭാവികളുടേയും പ്രവർത്തകരുടേയും വൈകാരികത മനസ്സിലാക്കാൻ അവർക്കത്‌ ഉപകരിക്കപ്പെടും. അവരെ സ്വീകരിക്കാൻ പ്രവർത്തകരുടെ മനസ്സ് പാകപ്പെടാനെങ്കിലും ആ ഗ്രേസ് പിരീഡ് വേണ്ടതാണ്‌’ -ജിന്റോ അഭിപ്രായപ്പെട്ടു.

ഫേസ്ബുക് കുറിപ്പിൽ നിന്ന്:

തുറന്നിട്ട വാതിൽപ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുൻപേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. അതെല്ലാം ആത്മാർത്ഥമായി തിരുത്തി ഉച്ചത്തിൽ പറഞ്ഞു തന്നെ വേണം പ്രവേശനോത്സവം.

1. അച്ഛൻ, അതായത് കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ പത്മജക്ക് മുൻപ് ബിജെപി ആയേനെ എന്ന നിലപാട് ഇപ്പോഴുമുണ്ടോ?

2. കോൺഗ്രസില്‍ ആയിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പേടിയായിരുന്നു എന്ന് പറഞ്ഞ അഭിപ്രായം ഇപ്പോഴുമുണ്ടോ? അതോ ആ പേടി മാറിയോ?

3. സൗന്ദര്യമുള്ള സ്ത്രീകൾ കോൺഗ്രസിൽ എത്തിയാൽ ജീവിതം തകർന്നുപോകുമെന്ന നിലപാട് ഇപ്പോഴുമുണ്ടോ? സൗന്ദര്യമില്ലാതെയാണോ അവരിപ്പോൾ വരുന്നത്? ഈ പാർട്ടിയിലെ ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മാഭിമാനം മുറിപ്പെടുത്തിയ സ്ത്രീവിരുദ്ധ നിലപാട് ഇപ്പോഴുമുണ്ടോ? തിരുത്തുമോ?

4. ഷാഫി പറമ്പിൽ വർഗീയവാദിയാണെന്ന് പറഞ്ഞ നിലപാട് മാറിയോ?

5. കേരള സ്റ്റോറി എന്ന വിഷലിപ്ത പ്രൊപോഗാണ്ട സിനിമയെ പിന്തുണച്ചുകൊണ്ട് ലൗജിഹാദിന് നേരനുഭവമുണ്ടെന്ന് പറഞ്ഞ വിദ്വേഷവും ഉപേക്ഷിച്ചുവോ?

6. 'കോൺഗ്രസിൽ ഇല്ലായിരുന്ന ബിജെപിയിൽ എത്തിയപ്പോൾ കിട്ടിയ മനസ്സമാധാനം' നഷ്ടപ്പെട്ടിട്ടാണോ വീണ്ടും കോൺഗ്രസിലെ മനസ്സമാധാനം തേടിയെത്തുന്നത്?

7. കോൺഗ്രസിൽ ആയിരുന്നപ്പോൾ മുന്നിൽ നിന്നും പിന്നിൽ നിന്നും സൈഡിൽ നിന്നും കുത്തി നിൽക്കക്കള്ളി ഇല്ലാതാക്കിയവർ ആരൊക്കെയാണ്? അവരോട് ക്ഷമിച്ചോ? അതോ അന്ന് പറഞ്ഞതെല്ലാം കള്ളമായിരുന്നോ?

8. 'സ്ത്രീകൾക്ക് മുൻനിരയിൽ കസേര കിട്ടു'മെന്ന് ഉറപ്പുള്ളത് കൊണ്ടാണോ തിരിച്ചുവരാൻ ശ്രമിക്കുന്നത്? അത്‌ മുൻനിരയിലെ കസേര മാത്രം ലക്ഷ്യമിട്ടാണോ? അങ്ങനെയെങ്കിൽ വെറുമൊരു കസേരമോഹി മാത്രമല്ലേ?

9. എന്തൊക്കെയാണ് തിരുത്തുന്നത് എന്നറിയണമെന്നുണ്ട്. അന്ന് പറഞ്ഞ ഓരോ വഞ്ചനാപരമായ വാക്കുകളും എടുത്തുപറഞ്ഞ് തിരുത്തുമോ?

10. നോട്ടുകൊള്ള മുതൽ വോട്ടുകൊള്ള വരെ നടത്തിയ മോദി സർക്കാരിനെതിരെ രാജ്യമെമ്പാടും തെരുവുനിറഞ്ഞ് കോൺഗ്രസ് സമരം ചെയ്യുമ്പോഴും നരേന്ദ്രമോദി രാജ്യത്തിനുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെന്നുള്ള ഒഴുക്കൻ വർത്തമാനം ഇപ്പോഴും പറയുന്നവർക്ക് എന്ത് രാഷ്ട്രീയബോധ്യമാണ് കോൺഗ്രസിനെ കുറിച്ച് ഈ നിമിഷവും ഉള്ളത്?

11. ഇത്രയുമായിട്ടും ബിജെപിയിൽ നല്ല ആൾക്കാരാണെന്നും അവർ ലീഡറുടെ സ്മൃതികുടീരത്തിൽ കയറുന്നതിൽ അശുദ്ധിയും കുഴപ്പവുമില്ലെന്നും പറഞ്ഞതിലെ രാഷ്ട്രീയാല്പത്തം മതേതര കോൺഗ്രസ്‌ പ്രവർത്തകർ എങ്ങനെ സഹിക്കും?

12. കോൺഗ്രസ് വിട്ടപ്പോൾ അത്‌ രാഷ്ട്രീയ തീരുമാനമായിരുന്നു എന്ന് പറഞ്ഞയാൾ ഇപ്പോൾ ബിജെപി വിട്ട് കോൺഗ്രസിൽ അഭയം തേടാൻ ശ്രമിക്കുന്നത് വ്യക്തിപരമായി തീരുമാനമാണത്രേ! അതെന്താ ഇപ്പോൾ 'രാഷ്ട്രീയ' തീരുമാനമില്ലാത്തത്? വിചാരിച്ചത് കിട്ടിയില്ലെങ്കിൽ ഇനിയും വിട്ടുപോകാനുള്ള മുൻ‌കൂർ ജാമ്യമാണോ?

13. 'മനസ്സ് വിഷമിക്കുമ്പോൾ' ഇനിയും ഒറ്റ നിമിഷം കൊണ്ട് പാർട്ടിയെ തള്ളിപ്പറഞ്ഞ് പോകില്ല എന്ന് എത്രമാത്രം ഉറപ്പുണ്ട്?

14. 'ദ്രോഹിച്ചവർ' ഉണ്ടെന്ന് പറയുന്ന പാർട്ടിയിലേക്ക് തിരിച്ചു വരുമ്പോൾ 'ദ്രോഹിച്ചവരോട്' എങ്ങനെയായിരിക്കും പെരുമാറ്റം? കുറേയാളുകളെ മറയിൽ നിർത്തി സംശയവർത്തമാനം പറയുന്നത് രാഷ്ട്രീയ സത്യസന്ധതക്കുറവല്ലേ?

15. ഇന്നുവരെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പറയുന്നതല്ലാതെ കോൺഗ്രസ്സിന് വേണ്ടി ഒരൊറ്റ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പോലും പറയാത്തവരെ കൊണ്ട് വന്നുകയറുന്ന ഇടത്തിനെന്ത് രാഷ്ട്രീയഗുണം?

16. കെടിഡിസി ചെയർപേഴ്സൺ, ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രണ്ടുവട്ടം നിയമസഭാ സ്ഥാനാർത്ഥിത്വം, ഒരുവട്ടം ലോക്സഭാ സ്ഥാനാർഥിത്വം എന്നിങ്ങനെയുള്ള അവസരങ്ങളിൽ വലിയ അധ്വാനമൊന്നുമില്ലാതെ എത്തിച്ചേർന്നിട്ടും ഒറ്റ നിമിഷത്തിൽ അവരുപേക്ഷിച്ച് പോയതിന്റെ പേരാണ് ലീഡറുടെ ലെഗസി. പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ മാത്രം അവർക്കുന്നുണ്ടായിരുന്ന ആ രാഷ്ട്രീയ മേൽവിലാസം പോലുമില്ലാത്തയാളെ ഇന്ന് ഞങ്ങൾ എങ്ങനെ നിരുപാധികം സ്വീകരിക്കും?

17. കെ കരുണാകരനെന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്റെ കുടുംബത്തിൽ ജനിച്ചുവളർന്ന കോൺഗ്രസ് രാഷ്ട്രീയം കണ്ടടുത്തറിഞ്ഞിട്ടും ബിജെപിയുടെ രാഷ്ട്രീയം ഇതുവരെ മനസ്സിലായില്ലെങ്കിൽ അവർക്ക് കോൺഗ്രസിന്റെ രാഷ്ട്രീയവും മനസ്സിലായിട്ടില്ല എന്നല്ലേ ഞങ്ങൾ സാധാരണ പ്രവർത്തകർ മനസ്സിലാക്കേണ്ടത്?

18. കോൺഗ്രസിന്റെ രാഷ്ട്രീയം മനസ്സിലായിരുന്നെങ്കിൽ അതിനോട് നേരെതിരെ നിൽക്കുന്ന ബിജെപിയുടെ സംഘപരിവാർ രാഷ്ട്രീയവും മനസ്സിലാക്കുമല്ലോ? ഇനിയും കോൺഗ്രസ്സന്തെന്ന് മനസ്സിലാകാത്തവരെ ഞങ്ങളെങ്ങനെ മനസ്സുകൊണ്ട് സ്വീകരിക്കും?

19. ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാർത്ഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോ എന്നും പറഞ്ഞ് കോൺഗ്രസ്‌ സ്ഥാനാർഥി കെ മുരളീധരനെ തള്ളിപ്പറഞ്ഞ് ബിജെപിക്ക് എം പിയെ കൊടുക്കാൻ തൃശ്ശൂരിൽ ഓടിനടന്നയാൾ പെട്ടെന്നൊരു സഹോദര സ്നേഹം പറയുന്നത് സംശയിക്കുന്നില്ല. കാരണം അതവരുടെ കുടുംബകാര്യമാണെന്ന് മാനിക്കുന്നു. പക്ഷേ അത്‌ പാർട്ടിയിലേക്കുള്ള പിൻവാതിൽ പ്രവേശനത്തിനാണെങ്കിൽ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തി മുൻവാതിലിലൂടെ വരുന്നതല്ലേ രാഷ്ട്രീയ ശരി?

ഇപ്പോഴും സംഘപരിവാറിനോട് മൃദുസമീപനമുള്ള, തികച്ചും വ്യക്തിപരമായ താല്പര്യത്തിന്റെ പേരിൽ ബിജെപി വിട്ടുവെന്ന് പറയുമ്പോഴും രാഷ്ട്രീയമായി ബിജെപിയേയോ സംഘപരിവാറിനേയോ ഒരു നിശ്വാസം കൊണ്ടുപോലും ഇതുവരേയും തള്ളിപ്പറയാത്ത, മോദിയിൽ ഇനിയും നന്മ കാണുന്ന, ബിജെപി നേതാക്കളുമായി നല്ലയടുപ്പമുള്ള, ഇപ്പോഴും ബിജെപിയുടെ മരക്കൊമ്പിൽ നിന്ന് പിടിവിടാതെ കോൺഗ്രസ്സിന്റെ വാതിൽപ്പടിയിലേക്ക് എത്തിവലിഞ്ഞ് കാലെടുത്തുവെക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയം എതിർക്കപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് പൊളിറ്റിക്കൽ ക്ലാരിറ്റി വേണം.

ഞങ്ങളെ പോലുള്ളവരെ ആക്ഷേപിച്ച് കൊണ്ടിറങ്ങിപ്പോയപ്പോൾ അവരൊക്കെ പറഞ്ഞതാണ് ശരിയെന്ന് തെറ്റിദ്ധരിച്ച് ബാക്കി എല്ലാവരും കൂടി പോയിരുന്നെങ്കിൽ തിരിച്ചുവരാൻ അവർക്കൊരു ഇടം ഉണ്ടാകുമായിരുന്നോ? പോകാതിരുന്നവരാണ് ശരി. ഞങ്ങളായിരുന്നു കോൺഗ്രസിന്റെ രാഷ്ട്രീയശരി. അതുകൊണ്ട് തന്നെ പോകാതിരുന്നവരുടെ ആത്മാഭിമാനത്തെ മാനിച്ചിട്ടു വേണം ഭാഗ്യന്വേഷികളായി കറങ്ങി നടന്ന് മടുത്ത് ബിജെപിയിൽ നിന്ന് അല്പം മുൻപ് മാത്രം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി വരുന്നവർക്ക് പരവതാനി വിരിച്ചു സ്വീകരിക്കാൻ.

തിരിച്ചുവരുന്നത് വെറുമൊരു പത്മജ മാത്രമാണ്. ലീഡറുടെ ലെഗസി രാഷ്ട്രീയമായി കോൺഗ്രസ്സിലുപേക്ഷിച്ച് പോയവരെ സ്വീകരിക്കും മുൻപ് രാഷ്ട്രീയ സൂക്ഷ്മപരിശോധന വേണം. എല്ലാത്തിനും ഉപരിയായി രാഷ്ട്രീയ വിശ്വാസ്യത എന്നതൊരു മിനിമം മര്യാദയാണെന്നും മനസ്സിലാക്കണം.

താമരകളുടെ കായിക വിനോദങ്ങൾക്കുള്ള തുറസ്സായ ഗ്രൗണ്ട് മാത്രമല്ല കോൺഗ്രസ്‌. അവരുടെ ചാട്ടങ്ങളിൽ മുറിപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പോരാടി നിന്ന മനുഷ്യരുടെ മുറിവുണക്കിയിട്ട് വേണം അധികാര ആസ്വാദകർക്ക് പന്തലൊരുക്കാൻ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Has Padmaja changed stand on Sangh parivar? Jinto John
Next Story