വിദ്വേഷ പ്രസംഗം: പി.സി. ജോർജിനെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം
text_fieldsതൊടുപുഴ: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ കേസെടുക്കാൻ തൊടുപുഴ പൊലീസിന് കോടതി നിർദേശം. തൊടുപുഴ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. കേരളത്തിൽ ‘മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികൾ നമുക്ക് നഷ്ടമായി’ എന്ന് പി.സി. ജോർജ് പൊതുപരിപാടിയിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.പി. അനീഷ് കാട്ടാക്കട പരാതി നൽകിയത്.
വർഗീയ പരാമർശങ്ങൾ നടത്തി രണ്ട് കേസുകളിൽ കോടതി അലക്ഷ്യം നേരിടുന്നതിനിടെയാണ് പി.സി. ജോർജ് വീണ്ടും വർഗീയ പരാമർശം നടത്തിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരിൽ രജിസ്റ്റർ ചെയ്യാത്തിടത്താണ് പി.സി. ജോർജ് കള്ളം മനഃപൂർവം പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
എല്ലാ മതസ്ഥരും ഐക്യത്തോടെ കഴിയുന്ന കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കുകയും മനപൂർവം കലാപം സൃഷ്ടിക്കുകയും ഒരു മതവിഭാഗത്തെ കള്ള പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന ജോർജിനെതിരെ 153എ, 295എ, 298 & 505 വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗ ജിഹാദിൽ നഷ്ടപ്പെട്ടുവെന്നാണ് ജോർജ് പറഞ്ഞത്. അതിൽ 41 പേരെ മാത്രമാണ് തിരിച്ചു കിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെൺകുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം.
'400ഓളം കുഞ്ഞുങ്ങളെയാണ് മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിൽ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെൺകുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചർച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസു വരെ പെൺകുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസാകുമ്പോഴേക്കും പെൺകൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നും. ആ പെൺകുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. '-ഇങ്ങനെയായിരുന്നു പി.സി. ജോർജിന്റെ പ്രസംഗം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.