മതവിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
text_fieldsകോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ബി.ജെ.പി നേതാവ് പി.സി. ജോർജിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. എന്നാൽ, കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രി കാർഡിയോളജി വിഭാഗം ഐ.സി.യുവിൽ നിരീക്ഷണത്തിൽ കഴിയുന്ന പി.സി. ജോർജിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
ഉയർന്ന രക്തസമ്മർദവും ഇ.സി.ജിയിൽ വ്യതിയാനവും രേഖപ്പെടുത്തിയതിനെത്തുടർന്നാണ് ജോർജിനെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ന്യൂറോ മെഡിസിൻ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ വിശദപരിശോധനകൾ നടത്തിയെങ്കിലും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇ.സി.ജി വ്യതിയാനത്തിൽ പ്രശ്നമില്ലെന്നും രക്തസമ്മർദം ഉയർന്നുനിൽക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. അത് അവസാനിച്ചു.
പി.വി. അൻവറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ചങ്ങനാശ്ശേരി: മുൻ എം.എൽ.എ പി.വി. അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ചങ്ങനാശ്ശേരി പൊലീസ്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ഓഫിസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൻവർ നേരിട്ടെത്തി ഹാജരാകുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം ചോർത്തിയതിന് നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കൽ നൽകിയ പരാതിയിലും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ സ്വകാര്യ അന്യായത്തിലും നൽകിയ കേസുകളിലുമാണ് അറസ്റ്റ്. തുടർന്ന് അൻവറിനെ ജാമ്യത്തിൽ വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.