പോക്‌സോ കേസിൽ ഉൾപ്പെട്ടയാൾ പ്രവേശനോത്സവത്തിൽ എത്തിയ സംഭവം: പ്രഥമാധ്യാപകന് സസ്‌പെൻഷൻ
text_fieldsതിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിൽ പോക്‌സോ കേസിൽ ഉൾപ്പെട്ട യുട്യൂബർ മുകേഷ് എം. നായർ മുഖ്യാതിഥിയായെത്തിയ സംഭവത്തിൽ സ്‌കൂൾ പ്രഥമാധ്യാപകന് സസ്‌പെൻഷൻ. ഫോർട്ട് ഹൈസ്‌കൂൾ പ്രഥമാധ്യാപകനായ ടി.എസ്. പ്രദീപ് കുമാറിനെയാണ് സ്‌കൂൾ മാനേജർ പി. ജ്യോതീന്ദ്രകുമാർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
സംഭവത്തിൽ സ്കൂളിന് വീഴ്ചസംഭവിച്ചെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. എച്ച്.എസ്.എ മലയാളം അധ്യാപകനായ ആർ. രാജേഷിനാണ് പകരം ചുമതല.
ജൂൺ രണ്ടിന് നടന്ന പ്രവേശനോത്സവത്തിലാണ് വിവാദ യുട്യൂബറും പോക്‌സോ കേസ് പ്രതിയുമായ മുകേഷ് എം. നായർ മുഖ്യാതിഥിയായി പങ്കെടുത്തതും എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർഥിയെ അനുമോദിച്ചതും. സംഭവം വിവാദമായതോടെ സ്കൂളിലേക്കുള്ള പഠനോപകരണ വിതരണം നടത്തിയ ജെ.സി.ഐ എന്ന സംഘടനയാണ് യുട്യൂബറെ ക്ഷണിച്ചതെന്നും തങ്ങൾക്ക് ഒന്നും അറിയില്ലെന്നുമുള്ള നിലപാടാണ് പ്രദീപ് കുമാർ സ്വീകരിച്ചത്.
എന്നാൽ ക്ഷണിച്ചത് മറ്റൊരു സംഘടനയാണെങ്കിലും സ്‌കൂൾ അധികൃതർക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ ഉപാധികളോടെ ജാമ്യത്തിൽ നിൽക്കവേയാണ് മുകേഷ് എം. നായർ റിട്ട.അസി. കമീഷണർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ മുഖ്യാതിഥിയായത്. പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ മുകേഷിനെ ഒന്നാംപ്രതിയാക്കി കോവളം പൊലീസ് അന്വേഷണം നടത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.