Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകർച്ചവ്യാധി പ്രതിരോധ...

പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി, കാരണം ഡി.എച്ച്.എസ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

text_fields
bookmark_border
പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി, കാരണം ഡി.എച്ച്.എസ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്
cancel

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കൂടേണ്ട ഹൈപവർ കമ്മിറ്റി യോഗം മുടങ്ങി. ഡി.എച്ച്.എസ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് യോഗം മുടങ്ങാൻ കാരണം. ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത ഉത്തരവുമായി ആരോഗ്യ ഡയറക്ടറേറ്റിൽ എത്തിയ ഡോ. കെ.ജെ. റീനയ്ക്ക് കസേര ഒഴിഞ്ഞു നൽകാൻ താൽക്കാലിക ഡയറക്ടർ ഡോ. വി. മീനാക്ഷി തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമാവുകയും പകർച്ചവ്യാധി പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യുന്ന യോഗം മുടങ്ങുകയായിരുന്നു.

ഇതോടെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഓഫിസിൽ അനിശ്ചിതത്വം തുടരുകയാണ്. ഡോ. കെ.ജെ റീനയും താൽക്കാലിക ഡയറക്ടർ ഡോ. വി. മീനാക്ഷിയും ഓഫിസ് സമയം കഴിയുംവരെ ഡി.എച്ച്.എസ് ചേമ്പറിൽ തുടരുകയായിരുന്നു. ഡോ. കെ.ജെ. റീനയ്ക്ക് അനുകൂലമായുള്ള ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി.

സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് തൃപ്തികരമല്ലെന്ന് കാണിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡോ. കെ.ജെ. റീനയ്ക്കെതിരായ നടപടി സ്റ്റേ ചെയ്തത്. മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയുള്ള സ്വാഭാവിക നടപടിയെന്ന് സർക്കാർ വാദിച്ചെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചില്ല. തുടർന്ന് ട്രൈബ്യൂണലിൽനിന്ന് ഉത്തരവുമായാണ് റീന ജോലിയിൽ പ്രവേശിക്കാനെത്തിയത്.

എന്നാൽ, ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി കസേര ഒഴിഞ്ഞു നൽകാൻ തയ്യാറായില്ല. ഒഴിയേണ്ടതില്ലെന്ന് സർക്കാർ നിർദേശം ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും ജോലി സമയം കഴിയും വരെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ തുടരുകയായിരുന്നു.

പകർച്ചവ്യാധി പ്രതിരോധങ്ങൾ ചർച്ച ചെയ്യേണ്ട ഹൈപവർ കമ്മിറ്റിയുടെ യോഗവും തർക്കം മൂലം മുടങ്ങി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

അതേസമയം, ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഡോ. റീനക്ക് ഡി.എച്ച്.എസ് ആയി ചുമതല ഏൽക്കാൻ കഴിയുള്ളൂ. രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ.റീനയെ ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയ സർക്കാർ നടപടി വൻ വിവാദമായിരുന്നു.

തുരപ്പൻ പണിയെടുക്കുന്ന ആരെയും കസേരയിൽ ഇരുത്തില്ലെന്നും റീന തുരപ്പൻ പണി നടത്തിയോയെന്ന് മേൽകോടതിയിൽ പറഞ്ഞോളാമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്നലെ ഇക്കാര്യത്തിൽ പ്രതികരിച്ചത്. സർക്കാറിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ കെ. മുരളിധരൻ ഇരിക്കുമ്പോൾ ആ കസേരയിൽ ഉണ്ടാകില്ല. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ പിണറായി രാജിവെച്ചോ? ഇത് തിരിച്ചടിയല്ല, മേൽ കോടതിയുണ്ടെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingHealth DepartmentPostponedDisputeDirectorate
News Summary - Epidemic prevention meeting canceled due to dispute over DHS position
Next Story