തുടരുന്ന അനാസ്ഥ; വീഴ്ചകളിൽ പകച്ച് ആരോഗ്യ വകുപ്പ്
text_fieldsതിരുവനന്തപുരം: ആരോഗ്യരംഗത്തെ പൊങ്ങച്ചം അപ്പാടെ തകര്ന്നുവീഴുന്ന സംഭവങ്ങളാണ് മെഡിക്കൽ കോളജുകളിൽ നിന്നും സർക്കാർ ആശുപത്രികളിൽ നിന്നും ദിനംപ്രതി കേൾക്കുന്നത്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം മെഡിക്കൽകോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് യൂറോളജി വിഭാഗം മേധാവിക്ക് തുറന്നുപറഞ്ഞ് രംഗത്തുവരേണ്ടിവന്നു. അതിന്റെ ഗൗരവം ഏറെ ചർച്ചയാകുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചത്.
നേരത്തെ, കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ യു.പി.എസ് പൊട്ടിത്തെറിച്ച് തീപിടിത്തം ഉണ്ടായത് വലിയ കോളിളക്കം സൃഷിടിച്ചിരുന്നു. ഈ സംഭവത്തിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും തീപിടിത്തം കാരണമല്ലെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിൽ ഒരുരോഗി കുടുങ്ങിക്കിടന്നത് രണ്ടുദിവസമാണ്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചും സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചും സ്ത്രീ പീഡനമടക്കം സംഭവ പരമ്പരകൾ തന്നെ അരങ്ങേറി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിന്റെ അലയൊലി ഇന്നും കെട്ടടങ്ങിയിട്ടില്ല. അവയവമാറ്റ ശസ്ത്രകിയക്കായി കൊണ്ടുവന്ന ശരീരഭാഗം സുരക്ഷ ജീവനക്കാരനെ ഏൽപിച്ച സംഭവവും ഏറെ വിവാദമായി.
ഇതിനൊക്കെ പുറേമെ സ്ത്രീകളുടെ ശുചിമുറികളിലെ ഒളിഞ്ഞുനോട്ടവും മൊബൈൽ കാമറ ചിത്രീകരണവും നാണംകെടുത്തിയ സംഭവങ്ങളാണ്. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും മെഡിക്കൽകോളജ് കേന്ദ്രീകരിച്ചാണെങ്കിൽ അത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചാണെങ്കിൽ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷിക്കും. അങ്ങനെ കഴിഞ്ഞ നാല് വർഷത്തിനിടെ 40ലേറെ അന്വേഷണങ്ങളാണ് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ വ്യാഴാഴ്ച ഉണ്ടായ സംവത്തിലാണെങ്കിൽ ജില്ല കലക്ടർ അന്വേഷിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാൽ അന്വേഷണവും പ്രഹസനമാവുകയാണ്. ഇതിന് പുറമെയാണ് ചികിത്സാപിഴവുമൂലം രോഗികൾ മരിക്കുന്ന സംഭവങ്ങൾ. 2017ൽ വാഹനാപകടത്തിൽപെട്ട് ആംബുലൻസിൽ മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി മുരുകൻ വെന്റിലേറ്റർ കിട്ടാതെ മരിച്ചത് ഏറെ വിവാദമായ ഒന്നായിരുന്നു.
വലത്തെ കാലിന് പകരം ഇടത്കാൽ, ഇടതു കണ്ണിന് പകരം വലതു കണ്ണ്, മൂക്കിന് പകരം വയറ് എന്നിങ്ങനെ അശ്രദ്ധമൂലം അവയവങ്ങൾ മാറി സർജറി നടത്തിയ സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശസ്ത്രക്രിയക്ക് ശേഷം സ്ത്രീയുടെ വയറ്റിൽ പഞ്ഞി കെട്ടിവെച്ച സംഭവം നിസ്സാരമല്ല. നാലുവയസ്സുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവവും നാടിനെ ഞെട്ടിച്ചു.
യുവാവിന്റെ കാലിൽ ഇടേണ്ട സ്റ്റീൽറോഡ് കൈയിലിട്ട സംഭവവും അരങ്ങേറി. ഇത്തരത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖല തുടർച്ചയായ താളപ്പിഴകളുടെ ആവർത്തനമാവുകയാണ്. അതിൽ അവസാനത്തേതാണ്, ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗിയുടെ കൂട്ടിരിപ്പുകാരിക്കുണ്ടായ ദാരുണ മരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.