കാറ്റ്, മഴ: മൂന്ന് മരണം, ഒരാളെ കാണാതായി; ഞായറാഴ്ച ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും മൂന്ന് മരണം. ഒരാളെ കാണാതായി. രണ്ടുപേർ കണ്ണൂരിലും ഒരാൾ ഇടുക്കിയിലുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ തമിഴ്നാട് സ്വദേശികളാണ്.
ഇടുക്കിയിൽ ഉടുമ്പൻചോല കല്ലുപാലത്ത് മരം വീണ് തമിഴ്നാട് തേവാരം സ്വദേശിനി ലീലാവതിയാണ് (55) മരിച്ചത്. വൈകീട്ട് മൂന്നോടെ തോട്ടംതൊഴിൽ കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങാൻ ജീപ്പിൽ കയറാൻ ശ്രമിക്കവെയാണ് അപകടം. കണ്ണൂർ കോളയാട് പെരുവയിൽ വീടിന് മുകളിൽ മരം വീണ് തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ് (78) മരിച്ച മറ്റൊരാൾ. ശനിയാഴ്ച പുലർച്ച രണ്ടോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശബ്ദം കേട്ട് ഓടിയതിനാൽ ഭാര്യയും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാതുവാണ് ഭാര്യ. മക്കൾ: നിഖിൽ, നിഖിഷ. മരുമകൻ: മണി.
പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധന ഫൈബർ വള്ളം മറിഞ്ഞാണ് തമിഴ്നാട് സ്വദേശി മരിച്ചത്. കന്യാകുമാരി കൊടിമുനൈ സ്വദേശി സളമോൻ ലോപ്പസാണ് (63) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. ചൂട്ടാട് അഴിമുഖത്ത് മണൽതിട്ടയിൽ തട്ടി ഫൈബർ വള്ളം മറിയുകയായിരുന്നു. ഒമ്പതുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. പരിക്കേറ്റ സെൽവ ആന്റണി, ലാല അടിമൈ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂര്‍ പാലക്കോട് മത്സ്യബന്ധനത്തിന് പോയ ചെറുതോണി മറിഞ്ഞ് ഒരാളെ കാണാതായി. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. പയ്യന്നൂര്‍ പുഞ്ചക്കാട് നെടുവിള പടിഞ്ഞാറ്റതില്‍ എന്‍.പി. അബ്രഹാമിനെയാണ് (49) കാണാതായത്. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മലയിടിഞ്ഞത് ഭീതിപരത്തി. ശനിയാഴ്ച രാവിലെ പത്തരയോടെ മലയിലെ പാറക്കെട്ടുള്ള ഭാഗങ്ങൾ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. താഴ്വാരത്തെ 21 വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.