ങ്ങള് കേറിക്കോളീ ഉമ്മാ, ജൈസലിെൻറ മുതുകിൽ ചവിട്ടി അവർ കയറിയത് ജീവിതത്തിലേക്ക്
text_fieldsതാനൂർ: മുട്ടിന് മുകളിൽ വെള്ളത്തിൽ മുട്ടുകുത്തി കിടന്ന് പ്രളയത്തിൽ കുടുങ്ങിയവരെ ഫൈബർ ബോട്ടിലേക്ക് കയറ്റാൻ മുതുക് ചവിട്ടുപടിയാക്കി ജൈസൽ നടത്തിയ രക്ഷപ്രവർത്തനം ഒന്നു മതി, മത്സ്യത്തൊഴിലാളികളുടെ സേവനം അളക്കാൻ. ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയാണ് താനൂർ കടപ്പുറത്തെ ഇൗ മനുഷ്യൻ. ഉയരം കൂടിയ ബോട്ടിലേക്ക് സ്ത്രീകളെയും കുട്ടികളെയും കയറ്റാനാണ് ജൈസൽ മുതുക് ചവിട്ടുപടിയാക്കി കിടന്നത്.
ഇൗ രക്ഷപ്രവർത്തനത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെ പ്രളയക്കെടുതിയിൽ കണ്ണീരൊപ്പാൻ കിട്ടിയതെല്ലാം എടുത്ത് വെള്ളത്തിലിറങ്ങിയ അനേകം മനുഷ്യരുടെ മികച്ച മാതൃകയാണ് ലോകം കണ്ടത്. താനൂർ ചാപ്പപടി സ്വദേശി കെ.പി. ജൈസലാണ് ഒറ്റ ദൃശ്യംകൊണ്ട് ലോകത്തിെൻറ അഭിനന്ദന പ്രവാഹങ്ങളുടെ പ്രളയത്തിൽ മുങ്ങിയത്.
വെള്ളിയാഴ്ച വേങ്ങര മുതലമാടിൽ ജൈസലും സംഘവും രക്ഷപ്രവർത്തനം നടത്തുന്നതിെൻറ ദൃശ്യമാണ് മണിക്കൂറുകൾക്കുള്ളിൽ വൈറലായത്. എന്നാൽ, ഇതൊന്നുമറിയാതെ ജൈസലിപ്പോൾ തൃശൂർ മാളയിൽ രക്ഷപ്രവർത്തനത്തിെൻറ തിരക്കിലാണ്. വേങ്ങരയിലെ രക്ഷദൗത്യം കഴിഞ്ഞ് ശനിയാഴ്ച ഉച്ചമുതലാണ് ഇവർ മാളയിലെത്തിയത്. ട്രോമാകെയർ വളൻറിയർ കൂടിയായ ജൈസൽ ഫുട്ബാൾ താരം കൂടിയാണ്. തീരമേഖലയിൽ എന്ത് അപകടം സംഭവിച്ചാലും രക്ഷപ്രവർത്തനത്തിന് മുന്നിൽ ജൈസലുണ്ടാവാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.