കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും സംസ്ഥാനമാകെ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികൾ നാലിനുശേഷം കടലിൽ പോകുന്നത് വിലക്കി.
ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ അഞ്ചിനുമുമ്പ് സുരക്ഷിതമായ തീരത്ത് എത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നാണ് മുന്‍കരുതലെടുക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
●ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതലിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇത്തരം സ്ഥലങ്ങളില്‍ അഞ്ചാം തീയതിയോടെ ക്യാമ്പ് തയാറാക്കണം. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് രാത്രി അവിടെ കഴിയാൻ നിര്‍ദേശം നല്‍കാം.
●രാത്രി മലയോര മേഖലകളിലൂടെ സഞ്ചാരം ഒഴിവാക്കണം. ഒക്ടോബര്‍ അഞ്ചിനുശേഷം നീലക്കുറിഞ്ഞി കാണാന്‍ മൂന്നാർ യാത്ര ഒഴിവാക്കണം.
●പുഴയുടെയും തോടുകളുടെയും തീരത്തുള്ളവര്‍ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറണം.
●പ്രളയബാധിത പ്രദേശങ്ങളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കും. മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കും.
●കേന്ദ്രസേനാ വിഭാഗങ്ങളോട് സജ്ജമാകാന്‍ ആവശ്യപ്പെട്ടു. ദുരന്ത പ്രതിരോധ സേനയുടെ അഞ്ച് സംഘത്തെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും.
●ഭിന്നശേഷിക്കാരെ പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യത മേഖലകളില്‍നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം. ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം വ്യാഴാഴ്ച ചേര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് പ്രത്യേകം പരിശോധിച്ച് നടപടിയെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.