മഴ ശക്തം: ഇടുക്കിയും മലപ്പുറവും റെഡ് അലർട്ടിൽ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്
text_fieldsപത്തനംതിട്ട: ജില്ലയില്‍ ശനി, ഞായർ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.
പൊലീസ്/ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: കലക്ടറേറ്റ് - 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി- 0468 2222221, താലൂക്ക് ഓഫീസ് അടൂര്‍- 04734 224826, താലൂക്ക് ഓഫീസ് കോന്നി- 0468 2240087, താലൂക്ക് ഓഫീസ് റാന്നി- 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി- 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല - 0469 2601303.
കക്കി ആനത്തോട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ
പത്തനംതിട്ട: കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ തുറന്നു. കക്കി ഡാമിൽ സംഭരണ ശേഷിയുടെ 77 ശതമാനവും പമ്പയിൽ 51 ശതമാനവും വെള്ളം മാത്രമാണുള്ളത്. അതിനാൽ അതി ശക്തമായ മഴ പെയ്തെങ്കിൽ മാത്രമെ ഡാമുകളിൽ നിന്നും വെള്ളം പുറത്തേക്കൊഴുകുകയുള്ളൂ.
കലക്ടറുടെ നിർദേശ പ്രകാരം വെള്ളിയാഴ്ച ഇരു ഡാമുകളുടെയും ഷട്ടറുകൾ തുറന്നുവെങ്കിലും പുറത്തേക്ക് ഒഴുകാൻ മാത്രം വെള്ളം ഉണ്ടായിരുന്നില്ല. മഴ കനത്താൽ ഡാമുകൾ വീണ്ടും നിറയുമെന്നും തുറന്ന ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമൂലം പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി.
ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഡാമുകള്‍ തുറക്കുകയും ആവശ്യമായ രക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മൂഴിയാര്‍ ഡാം തുറക്കുന്നതു മൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാന്‍ ഇടയുണ്ട്. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ കക്കി ആനത്തോട് ഡാമില്‍ നിന്ന് ഏകദേശം 150 ഉം പമ്പാ ഡാമില്‍ നിന്ന് 100 ഉം മൂഴിയാര്‍ ഡാമില്‍ നിന്ന് 10 മുതല്‍ 50 ക്യുമെക്‌സ് ജലവുമായിരിക്കും പുറത്തേക്ക് ഒഴുക്കുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.
ഇടുക്കിയും മലപ്പുറവും റെഡ് അലർട്ടിൽ
തിരുവനന്തപുരം: കനത്ത മഴ പ്രവചിക്കുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ മാറ്റമില്ല. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച കനത്ത മഴ പ്രവചിക്കുന്ന റെഡ് അലർട്ടാണ്. വയനാട്ടിൽ ശനി, ഞായർ ദിവസങ്ങളിൽ അതിശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലർട്ടും. കണ്ണൂരിലും കോഴിക്കോട്ടും ഒമ്പതുവരെ യെല്ലോ അലർട്ട് തുടരും. പാലക്കാട്ട് തിങ്കളാഴ്ച വരെ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ടാണ്. പത്തനംതിട്ടയിൽ ഞായറാഴ്ച വരെ ഓറഞ്ച് അലർട്ടാകും. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നാളെ വരെയും തൃശൂരിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.