മഴ കനത്തു; ആറ് മരണം, വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം, തിരുവനന്തപുരത്തും, കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
text_fieldsകടലാക്രമണത്തിൽ പെരിയമ്പലം ബീച്ചിൽ തകർന്ന റോഡ്
കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിലെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തിയപ്പോൾതിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടവും ആറ് മരണവും. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി 11 ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
താമരശ്ശേരി കോടഞ്ചേരിയിൽ തോട്ടിൽനിന്ന് മീൻ പിടിക്കുന്നതിനിടെ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നിധിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവർ മരിച്ചു. കോഴിക്കോട് കുണ്ടായിതോടിൽ ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയിൽ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനും മരിച്ചു. ഇടുക്കി പാമ്പാടുംപാറയിൽ മരംവീണ് തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പത്രവിതരണത്തിനു പോയ വിദ്യാർഥി ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) മരിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നാല് കുടുംബങ്ങളിലെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒന്നുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി 47 പേരാണ് താമസിക്കുന്നത്. കഴിഞ്ഞവർഷം ഉരുൾപൊട്ടിയ വടകര വിലങ്ങാട് മഞ്ഞച്ചീളിയിലെ ഒമ്പത് കുടുംബങ്ങളും ഇതിൽപെടും.
വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്പാടശേഖരത്തിലുണ്ടായ മിന്നൽ ചുഴലിയിൽ സമീപത്തെ പമ്പ് ഹൗസ് തകര്‍ന്നു. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരംവീണു. ജാം നഗറിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഇടുക്കി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. സെക്കന്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. പലയിടത്തും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. പലയിടങ്ങളിലും വീടിനും വാഹങ്ങൾക്ക് മുകളിലേക്കും വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് ഗതാഗത തടസ്സവും വലിയ നാശനഷ്ടവുമുണ്ടായി.
ദേശീയപാത നിർമാണം പുരോഗമിക്കുന്ന പലയിടങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടത് ആശങ്കക്കിടയാക്കി. അടിമാലി-കരടിപ്പാറ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വയനാട്ടിൽ ഈ മാസം 31 വരെ നടക്കാനിരുന്ന വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. വയനാട്ടിൽ എൻ.ഡി.ആർ.എഫിന്റെ 28 അംഗ സംഘമെത്തിയിട്ടുണ്ട്.
രാമക്കൽമേട് തോവാളപടിയിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. ആർക്കും പരിക്കില്ല. മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായതിനാൽ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിലുണ്ടായി.
ബീച്ചിലേക്കുള്ള യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി തടഞ്ഞു. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും തടഞ്ഞിട്ടുണ്ട്. കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ തീരമേഖല തിങ്കളാഴ്ച റെഡ് അലർട്ടാണ്. ഇതുകൂടാതെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടിവരെ, എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെ, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെ, കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെ, കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരമേഖലകളും റെഡ് അലർട്ടിലാണ്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിലെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തിയപ്പോൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.