ചാരിറ്റിയുടെ മറവിലെ ഭൂമി കൈയേറ്റങ്ങൾ സർക്കാർ അന്വേഷിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മത, ജീവകാരുണ്യ സംഘടനകളുടെയടക്കം മറവിൽ നടത്തിയ അനധികൃത ഭൂമി കൈയേറ്റങ്ങൾ സർക്കാർ അന്വേഷിക്കണമെന്ന് ഹൈകോടതി.
കൈയേറ്റക്കാർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി. സോമരാജൻ ഉത്തരവിട്ടു. സീറോ മലബാർ സഭ ഭൂമി ഇടപാട് സംബന്ധിച്ച് കേസെടുത്തതും കോടതി സമൻസ് അയച്ചതും അപ്പീൽ തള്ളിയതും ചോദ്യം ചെയ്ത് സിറോ മലബാർ സഭ മേജർ ആർച് ബിഷപ് ജോർജ് ആലേഞ്ചരിയടക്കം നൽകിയ ഹരജികളിലാണ് ഇടക്കാല ഉത്തരവ്. കർദിനാൾ പ്രതിയായ കേസിലൂടെ പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം 2012ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന 31,74,420 സ്ഥാപനങ്ങൾ രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്യാത്ത സംഘടനകളാണ് ഇതിനേക്കാൾ അധികമുള്ളത്. കാരുണ്യ പ്രവർത്തനത്തിന്‍റെ മറവിൽ വൻതോതിൽ സ്വത്ത് സമ്പാദിക്കാനുള്ള ഉപാധിയായി സംഘടനകളുണ്ടാക്കുകയാണ്. സംഘടനയുണ്ടാക്കാൻ ഭരണഘടന നൽകുന്ന അനുമതിയെന്നാൽ ചാരിറ്റി സംഘടനകളുടെ മറവിൽ നിയമങ്ങൾക്കതീതമായി വലിയ തോതിൽ സ്വത്തുക്കൾ സമ്പാദിക്കാമെന്നല്ല അർഥമാക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ കൺകറന്റ് പട്ടികയിലാണ് ചാരിറ്റി സംഘടനകളുടെ നിയന്ത്രണത്തെക്കുറിച്ച് പറയുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഇവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാം. അതിനാൽ, ഇത്തരം സംഘടനകളെയും നിയന്ത്രിക്കാൻ ഏകീകൃത നിയമം നിലവിലില്ല. കേന്ദ്ര നിയമത്തിന്റെ അനിവാര്യതയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ, ജീവകാരുണ്യ സംഘടനകളുടെയും മതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമാന സംഘടനകളുടെയും നിയന്ത്രണത്തിന് ഏകീകൃത നിയമം കൊണ്ടുവരുന്നതിന്റെ സാധ്യതകൾ കേന്ദ്ര സർക്കാർ ഉപയോഗപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി വീണ്ടും 2023 മേയ് 31ന് പരിഗണിക്കാൻ മാറ്റി.
സർക്കാറോ രാഷ്ട്രീയ കക്ഷികളോ സമൂഹമോ പ്രതികരിക്കാത്തതിനാൽ സംഘടിത ഭൂമി കൈയേറ്റക്കാർക്കും ഭൂമാഫിയക്കും അനുകൂല കാലാവസ്ഥയാണ് കേരളത്തിലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.. സഭ ഭൂമിയിടപാടിന്‍റെ മറവിൽ സദാചാരപരമായി വെറുപ്പുളവാക്കുന്നതും ധാർമികമായി ഹീനവുമായ നടപടിയാണ് നടന്നതെന്നും കോടതി പറഞ്ഞു.
ഇത്തരം അനീതിക്കെതിരെ ആരെങ്കിലും പരാതിയുമായി ഇറങ്ങിയാൽ ഭീഷണിയും സമ്മർദവും മൂലം പിൻമാറേണ്ട അവസ്ഥയാണ്. അനധികൃതമായി കൈയേറിയ സർക്കാർ, പുറമ്പോക്ക് ഭൂമി സ്വന്തം പേരിലാക്കാൻ മത സംഘടനകളുമായി ബന്ധപ്പെട്ട ചാരിറ്റി സംഘങ്ങൾ ഉൾപ്പെടെയുള്ള കൈയേറ്റക്കാർക്ക് അവസരം നൽകുന്ന ആഘോഷമായി മാറിയിരിക്കുകയാണ് ഇടക്കിടെ നടക്കുന്ന പട്ടയ മേളകൾ. വോട്ട് ബാങ്ക് ഭയന്ന് രാഷ്ട്രീയക്കാരോ സർക്കാറോ ഇടപെടാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു ഡെപ്യൂട്ടി തഹസിൽദാർ വിചാരിച്ചാൽ സർക്കാർ ഭൂമി ആർക്കും പട്ടയമായി നൽകാവുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് രവീന്ദ്രൻ പട്ടയ വിവാദം. സർക്കാർ സംവിധാനങ്ങളെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലെത്തിക്കാൻ മതിയായ സ്വത്താണ് ഭൂമി കൈയേറ്റങ്ങളിലൂടെ ചാരിറ്റി സംഘടനകൾ ഉണ്ടാക്കിയിട്ടുള്ളത്.
കർദിനാൾ പ്രതിയായ കേസിൽ സഭക്ക് കൈമാറിക്കിട്ടിയ 99.500 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥതയിൽ കോടതി സംശയം പ്രകടിപ്പിച്ചു. 'അഗതികളുടെ സഹോദരിമാരുടെ സഭ' എന്ന രജിസ്റ്റർ ചെയ്യാത്ത ട്രസ്റ്റാണ് കാദറു എന്നയാളിൽനിന്ന് 1995 ൽ സ്ഥലം ആദ്യം വാങ്ങിയത്.
1996 ൽ ഈ സ്ഥലം 'അലക്സിയൻ ബ്രദേഴ്സ്' എന്ന രജിസ്റ്റർ ചെയ്യാത്ത മറ്റൊരു ചാരിറ്റബിൾ സംഘടനക്ക് കൈമാറി. ഇതിന്റെ പവർ ഓഫ് അറ്റോർണിയുണ്ടെന്ന് അവകാശപ്പെട്ട് ഫാ. സെബാസ്റ്റ്യൻ വടക്കുംപാടം 2007 ൽ ആർച് ബിഷപ് കർദിനാൾ വർക്കി വിതയത്തിലിന് സ്ഥലം കൈമാറി. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്നത് കുതന്ത്രങ്ങളും കബളിപ്പിക്കലുകളുമാണെന്നാണ് ബോധ്യമാവുന്നത്.
ഒരു സംഘടനയിൽ നിന്ന് മറ്റൊരു സംഘടന ഭൂമി കൈമാറിയ ഈ ഇടപാടിന് സിവിൽ നടപടി ക്രമങ്ങൾ പ്രകാരമുള്ള അനുമതി നേടിയില്ല. അഗതി സംരക്ഷണത്തിനുള്ള ഒരു ട്രസ്റ്റിന്‍റെ കൈവശമുണ്ടായിരുന്ന ഭൂമി ഇത്ര എളുപ്പം വിൽക്കാനോ കൈമാറാനോ സാധ്യമല്ല.
ഒരു വ്യക്തിക്ക് പവർ ഓഫ് അറ്റോർണി നൽകാൻ സംഘടനക്ക് അധികാരമില്ല. സദാചാരപരമായി വെറുപ്പുളവാക്കുന്നതും ധാർമികമായി ഹീനവുമായ നടപടിയാണ് നടന്നത്. കാനൻ നിയമം പോലും ലംഘിച്ച് തെറ്റായതും വഞ്ചനാപരവുമായ ഇടപാടുകളാണ് നടന്നത്.
മതാടിസ്ഥാനത്തിലുള്ള എന്തെങ്കിലും പേര് നൽകിയോ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ മറ നൽകിയോ ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ ഇതുമായി ബന്ധപ്പെട്ട നിയമപരമായ ഒരു പരിമിതികളുമില്ലാതെ യഥേഷ്ടം ഭൂമിയും സ്വത്തും കൈവശപ്പെടുത്താമെന്നാണ് പ്രഥമദൃഷ്ട്യാ ഈ സംഭവം വ്യക്തമാക്കുന്നത്.
സഭയുടെ വിവാദ ഭൂമി സർക്കാർ ഭൂമി കൈയേറിയതാണോയെന്ന് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും ഭൂമിയുടെ സ്വഭാവമോ ഉടമസ്ഥാവകാശമോ വ്യക്തമാക്കാതെ അപൂർണമായ വിശദീകരണമാണ് സർക്കാർ സമർപ്പിച്ചത്. പവർ ഓഫ് അറ്റോർണി രേഖകളുള്ളത് പോലും സൂചിപ്പിച്ചില്ല.
പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നത് മറികടക്കാൻ സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യുട്ട് പോലുള്ള സംഘടനകളോ സംഘങ്ങളോ രൂപവത്കരിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം സംഘടനകളുടെ കാര്യത്തിൽ സർക്കാർ ജാഗ്രത കാട്ടണം. മാത്രമല്ല, ഇത്തരം ഭൂമി തിരിച്ചു പിടിച്ച് സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.