ഹൈകമാൻഡ് ഇടപെട്ടു, രാഷ്ട്രീയ കാര്യസമിതി 19ന്
text_fieldsതിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളും ചേരിപ്പോരും കാരണം മാറ്റിവെച്ച കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗം 19ന് ചേരും. ഹൈകമാൻഡിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് വീണ്ടും യോഗം നിശ്ചയിച്ച് നേതാക്കൾക്ക് അറിയിപ്പ് നൽകിയത്. യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് എത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പാർട്ടിക്കുള്ളിലെ സംഭവവികാസങ്ങളിൽ കടുത്ത നീരസത്തോടെയാണ് മടങ്ങിയത്. എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കടുത്ത അതൃപ്തിയിലാണ്.
ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിനുശേഷം, വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ്, സർക്കാറിനെതിരായ സമരങ്ങൾ, കെ.പി.സി.സി പുനഃസംഘടന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് രാഷ്ട്രീയകാര്യ സമിതി വിളിച്ചത്. അതേസമയം പല നേതാക്കളും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചതെന്നായിരുന്നു കെ.പി.സി.സി നേതൃത്വത്തിന്റെ വിശദീകരണം. മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എ.ഐ.സി.സി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ കാമ്പയിന്റെയും വെള്ളിയാഴ്ച നടന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.
ഉച്ചക്കുശേഷം കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി അധ്യക്ഷന്മാരുടെയും യോഗം നിശ്ചയിച്ചിരുന്നു. ഉച്ചയോടെ, അദ്ദേഹം കെ.പി.സി.സി ആസ്ഥാനത്തെത്തിയെങ്കിലും മറ്റു ചില പരിപാടികളിൽ പങ്കെടുക്കാനുണ്ടെന്നതിനാൽ മടങ്ങി. ശനിയാഴ്ച യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെ ഓൺലൈൻ യോഗം ചേർന്നപ്പോൾ കെ.പി.സി.സി പ്രസിഡന്റ് അതിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഞായറാഴ്ചത്തെ രാഷ്ട്രീയകാര്യ സമിതിയോഗം അപ്രതീക്ഷിതമായി മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.