‘വിരമിച്ചവരുടെ പകുതി ആനുകൂല്യം ഉടൻ നൽകണം’; കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിനെതിരെ ഹൈകോടതി
text_fieldsകൊച്ചി/തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുന്നത് മോശം മാനേജ്മെന്‍റാണെന്ന് ഹൈകോടതി. സ്ഥാപനത്തെ രക്ഷിക്കാൻ ഒന്നും ചെയ്യാതെ തൊഴിലാളികളെയും യൂനിയനുകളെയും പഴി പറയുകയാണ് മാനേജ്മെന്‍റ്. പെൻഷൻ തുക വിതരണം ചെയ്യാൻ എല്ലാ മാസത്തെയും വരുമാനത്തിൽനിന്ന് 10 ശതമാനം നീക്കിവെക്കണമെന്ന കോടതിയുടെ മുൻ ഉത്തരവ് പാലിക്കുന്നില്ല. ജീവനക്കാർ ചോരനീരാക്കി പണിയെടുക്കുന്ന തുക ബാങ്ക് വായ്പയുടെ പലിശയടക്കാനാണ് ഉപയോഗിക്കുന്നത്.
3200 കോടി രൂപയാണ് ബാങ്ക് വായ്പ. വായ്പയെക്കുറിച്ച് ആരും ഒന്നും പറയാത്തത് ദൗർഭാഗ്യകരമാണ്. ബാധ്യത കുറക്കാൻ എന്തെങ്കിലും ചെയ്തേ മതിയാകൂ. സർക്കാർ എന്താണ് ചെയ്യുകയെന്ന് വ്യക്തമല്ല. ഇങ്ങനെ പോയാൽ എങ്ങനെ മുന്നോട്ടുപോകാനാവുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. പെൻഷൻ വിതരണം നടക്കാത്തത് ചോദ്യം ചെയ്ത് വിരമിച്ച ജീവനക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾ നാലുമാസത്തിനകം വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരെയാണ് കെ.എസ്.ആർ.ടി.സി പുനഃപരിശോധന ഹരജി നൽകിയിരിക്കുന്നത്.
പെൻഷൻ ആനുകൂല്യം തേടി കോടതിയെ സമീപിച്ചവരുടെ 50 ശതമാനം ആനുകൂല്യങ്ങളെങ്കിലും ഉടൻ നൽകണമെന്ന് കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഉത്തരവിനെതിനെ കെ.എസ്.ആർ.ടി.സി നൽകിയ പുനഃപരിശോധന ഹരജി പരിഗണിക്കില്ല.
ഇതുവരെ വിരമിച്ച 978 ജീവനക്കാർക്കും ഒരു ലക്ഷം രൂപ വീതം നൽകാമെന്ന കെ.എസ്.ആർ.ടി.സി നിർദേശം തള്ളിയാണ് ഇടക്കാല ഉത്തരവ്. എല്ലാവർക്കും രണ്ടുലക്ഷം വീതം നൽകൂവെന്ന നിർദേശത്തോട് കെ.എസ്.ആർ.ടി.സി അനുകൂലമായി പ്രതികരിക്കാതായതോടെയാണ് ഹരജിക്കാർക്ക് പെൻഷൻ ആനുകൂല്യത്തിന്‍റെ പകുതി നൽകൂ എന്ന നിർദേശം കോടതി മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ, നിലപാടറിയിക്കാൻ കെ.എസ്.ആർ.ടി.സി അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ഹരജി ഫെബ്രുവരി 28ലേക്ക് മാറ്റി.
അതേസമയം, മൂന്ന് വിഭാഗമായി തിരിച്ച് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാനാകുമോ എന്ന കോടതി നിർദേശം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി വിശദീകരണം നൽകി. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാൻ 68.24 കോടി രൂപ വേണമെന്നിരിക്കെ 10 കോടിയിലധികം നിലവിൽ അനുവദിക്കാനാവില്ലെന്നാണ് വിശദീകരണത്തിൽ പറയുന്നത്.
അതിനിടെ, കെ.എസ്.ആർ.ടി.സിയിൽ ജനുവരിയിലെ ശമ്പളം നല്‍കി. ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ചൊവാഴ്ചയാണ് ശമ്പളം നല്‍കിയത്. എസ്.ബി.ഐയില്‍ നിന്നെടുത്ത 50 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റാണ് സഹായമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.