തൃശൂരിലെ ആറ് ബി.ജെ.പി കൗൺസിലർമാർക്ക് അഞ്ച് ലക്ഷം പിഴയിട്ട് ഹൈകോടതി
text_fieldsതൃശൂര്‍: സ്വരാജ് റൗണ്ടിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പ് ചുമതല ശക്തന് ചേംബേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈകോടതി ഡിവിഷന് ബെഞ്ച് തള്ളി. ഹരജി നൽകിയ തൃശൂർ കോർപറേഷനിലെ ആറ് ബി.ജെ.പി കൗൺസിലർമാർക്കും അഭിഭാഷകനും കോടതി അഞ്ച് ലക്ഷം രൂപ വീതം പിഴയിട്ടു.
കോര്പറേഷന് നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ കൗണ്‍സിലര്‍മാരായ വിനോദ് പൊള്ളഞ്ചേരി, പൂര്‍ണിമ സുരേഷ്, വി. ആതിര, എന്‍.വി. രാധിക, കെ.ജി. നിജി, എന്‍. പ്രസാദ് എന്നിവരും അഭിഭാഷകനായ കെ. പ്രമോദും സമര്‍പ്പിച്ച രണ്ട് അപ്പീലുകളാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. രണ്ട് അപ്പീലുകള്‍ സമര്‍പ്പിച്ചവരും അഞ്ച് ലക്ഷം വീതം പിഴയായി അടക്കണമെന്നാണ് ഡിവിഷന് ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചത്.
നടത്തിപ്പ് ചുമതല ലഭിച്ച സ്ഥാപനം മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് ബിനിയില്‍ നവീകരണം നടത്തിയതായി വിലയിരുത്തിയ കോടതി, വാടക കാര്യത്തില്‍ ചര്‍ച്ച നടത്തി കോര്പറേഷന് അനുകൂലമായി വര്‍ധന വരുത്തിയതായും ചൂണ്ടിക്കാട്ടി. 7.5 ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി നിശ്ചിയിച്ചിട്ടുള്ളത്. കോര്പറേഷന് നടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്തിപ്പ് ചുമതല കൈമാറിയതെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പിഴ സംഖ്യ ഹൈകോടതി മീഡിയേഷന് സെന്ററിലും ബാര്‍ അസോസിയേഷനിലും വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി കിട്ടി ഒരുമാസത്തിനകം അടക്കണമെന്നാണ് നിർദേശം. കോടതി വിധി ആശ്വാസകരമാണെന്നും അനധികൃതമായി ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന തങ്ങളുടെ നിലപാട് ശരിവെക്കുന്നതുമാണെന്നും ശക്തന് ചേംബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളായ പി.എസ്. ജനീഷ്, സാജു ഡേവീസ്, റോജി ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.