ദാറുന്നജാത്ത് സ്കൂൾ അഴിമതിക്കേസ് സർക്കാറിന് വീണ്ടും ഹൈകോടതി നോട്ടിസ്
text_fieldsമലപ്പുറം: കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിലെ അധ്യാപകനിയമന അഴിമതിക്കേസിൽ കുറ്റാരോപിതർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് പരാതിക്കാരൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് കോടതി സർക്കാറിന് നോട്ടീസ് നൽകി.
വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയ ഗുരുതര ക്രമക്കേടുകൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നിയോഗിച്ച പുനരന്വേഷണ സമിതി കുറ്റാരോപിതർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരനായ എം. ഹുസൈനാർ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത്. കുറ്റാരോപിതരായ അധ്യാപകർ മൂന്നംഗ സമിതി മുമ്പാകെ സമർപ്പിച്ച രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിയിക്കുന്ന രേഖകളുമായാണ് പുതിയ സത്യവാങ്മൂലം നൽകിയത്. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളും ബന്ധുക്കളുമടക്കം കുറ്റക്കാരായ കേസാണിത്. രാഷ്ട്രീയ വിവാദങ്ങൾക്ക് വരെ കാരണമായ കേസിൽ ഒട്ടേറെ നാടകീയ നീക്കങ്ങളുണ്ടായിരുന്നു.
സമസ്തയിൽ ഇടതു മുന്നണിയെ അനുകൂലിക്കുന്ന നേതാവാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. അദ്ദേഹം ഭാരവാഹിയായ സ്ഥാപനത്തിലെ ക്രമക്കേടിനെതിരെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷിച്ച് ഡി.പി.ഐക്ക് റിപ്പോർട്ട് നൽകിയിരുന്നു. അബ്ദുൽ ഹമീദ് ഫൈസി മുഖ്യമന്ത്രിയെ സന്ദർശിച്ച് കത്ത് നൽകിയതിനെ തുടർന്നാണ് കുറ്റാരോപിതരായ അധ്യാപകർക്തെിരെ നടപടിക്കൊരുങ്ങിയ ഫയൽ വിദ്യാഭ്യാസ വകുപ്പ് തിരിച്ചുവിളിച്ചതെന്ന് ആരോപണമുയർന്നിരുന്നു.
ഇതിനിടെ മലപ്പുറം ഡി.ഡി.ഇയുടെ അന്വേഷണ റിപ്പോർട്ടിൽ നടപടി വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചു. കോടതിയിൽ സർക്കാർ മറുപടി നൽകാൻ വൈകി. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹാജരാകണമെന്ന് ഹൈകോടതി നിർദേശം നൽകി.
ഇതോടെയാണ് പുനരന്വേഷണ സമിതിയെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. ഈ സമിതി പരാതിയിൽ കഴമ്പില്ലെന്നും തെളിവില്ലെന്നും ചൂണ്ടിക്കാട്ടി അധ്യാപകർക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
കേന്ദ്ര സർക്കാറിന്റെ ഏരിയ ഇന്റൻസീവ് പ്രോഗ്രാം പ്രകാരം അനുവദിച്ച സ്കൂളിലെ അധ്യാപകർക്ക് 2015 മുതൽ അംഗീകാരം നൽകിക്കൊണ്ട് 2019ൽ മുൻകാല പ്രാബല്യത്തോടെ ഉത്തരവിറങ്ങിയിരുന്നു.
ഈ ഉത്തരവിന്റെ മറവിൽ മൂന്ന് അധ്യാപകർക്ക് വ്യാജ രേഖയുണ്ടാക്കി സർക്കാറിൽ സമർപ്പിച്ച് മുൻകാല പ്രാബല്യത്തോടെ ശമ്പളം കെപ്പറ്റി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. അനധികൃതമായി കൈപ്പറ്റിയ ശമ്പളം 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കി സർക്കാറിന് തിരിച്ചടക്കണമെന്നായിരുന്നു ശിപാർശ. ഈ കേസാണ് രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് തേഞ്ഞുമാഞ്ഞുപോയി എന്ന ആരോപണമുയർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.