നായുടെ കടിയേറ്റവർക്കേ വേദന മനസ്സിലാകൂവെന്ന് ഹൈകോടതി
text_fieldsകൊച്ചി: തെരുവുനായ്ക്കളുടെ കടിയേറ്റവർക്കേ അതിന്റെ വേദനയും ബുദ്ധിമുട്ടും മനസ്സിലാവൂവെന്ന് ഹൈകോടതി. ഇതുമൂലം അടുത്ത ബന്ധുക്കൾ നഷ്ടമായവരുമുണ്ട്. മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണ് മനുഷ്യാവകാശം. പ്രഭാത നടത്തത്തിന് പോകുന്നവർ പട്ടികടിയേൽക്കാതെ തിരിച്ചുവരുമെന്ന് ഒരു ഉറപ്പുമില്ല. ചില്ലുകൊട്ടാരത്തിലിരുന്ന് ആർക്കും എന്തും പറയാം. നടപ്പാക്കാൻ കഴിയുന്ന പരിഹാര മാർഗങ്ങളാണ് സർക്കാറിൽനിന്നടക്കം ഉണ്ടാകേണ്ടത്.
സംസ്ഥാനത്തെ തെരുവുനായ് പ്രശ്നം അതിഗുരുതരമാണെന്നും വന്യജീവി ആക്രമണത്തെപ്പോലെ തെരുവുനായ് ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു. തെരുവുനായ് ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർഥിനി കീർത്തന സരിൻ അടക്കം സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്.
കണ്ണൂരിൽ പട്ടികടിയേറ്റ കുട്ടി പ്രതിരോധമരുന്ന് കുത്തിവെച്ചിട്ടും മരിച്ചു. ഗുരുതര രോഗം ബാധിച്ച നായ്ക്കളെ ദയാവധം ചെയ്യാനുള്ള തീരുമാനമൊന്നും പ്രശ്നപരിഹാരമല്ല. തെരുവുനായ്ക്കളുടെ സംരക്ഷണം മൃഗസ്നേഹികളെ ഏൽപിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്. അസോസിയേഷൻ രൂപവത്കരിക്കാൻ കേസിൽ കക്ഷിചേർന്ന മൃഗസ്നേഹികളോട് കോടതി നിർദേശിക്കുകയും ചെയ്തു.
നിങ്ങൾക്ക് പട്ടികടിയേറ്റിട്ടുണ്ടോയെന്നും ഇതേ കക്ഷിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. തെരുവുനായ്ക്കൾ കടിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയാകും ഉത്തരവാദി. മനുഷ്യൻ മൃഗങ്ങളെ കടിച്ചാൽ മാത്രമല്ല, മൃഗങ്ങൾ കടിച്ചാലും കേസെടുക്കണം. തെരുവുനായ് കടിച്ചാൽ എഫ്.ഐ.ആർ എടുക്കാൻ നിർദേശിക്കും. സംസ്ഥാന പൊലീസ് മേധാവിയെ കക്ഷിചേർക്കാനും കോടതി ആവശ്യപ്പെട്ടു.
നായ്ക്കളുടെ എണ്ണം സംസ്ഥാനത്ത് പെരുകുകയാണ്. 50 ലക്ഷം തെരുവുനായ്ക്കളെങ്കിലും ഉണ്ടാകും. ആറുമാസത്തിനകം ഒരുലക്ഷത്തോളം പേരെയെങ്കിലും ഇവ കടിച്ചിട്ടുണ്ട്. 16 പേരെങ്കിലും മരിച്ചു. എന്നാൽ, രണ്ട് മുതൽ മൂന്ന് ലക്ഷം തെരുവുനായ്ക്കൾ മാത്രമേ സംസ്ഥാനത്തുള്ളൂവെന്ന് സർക്കാറിന് വേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. കണക്ക് ശരിയാണെന്ന് കരുതുന്നില്ലെന്ന് കോടതിയും പറഞ്ഞു.
തെരുവുനായ് ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കാനുള്ള ചുമതല ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നൽകാനും ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുമുള്ള തീരുമാനം കോടതി അംഗീകരിച്ചു. നഷ്ടപരിഹാരം തേടി സിരിജഗൻ കമ്മിറ്റിക്ക് നൽകിയ അപേക്ഷകളിൽ 1000 എണ്ണത്തിൽ മാത്രമാണ് തീരുമാനമെടുത്തത്.
സിരിജഗൻ കമ്മിറ്റി സ്വീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ പുതിയ കമ്മിറ്റിയും തീരുമാനമെടുക്കണം. ഈ വർഷം ഇതുവരെ തെരുവുനായ്ക്കൾ എത്രപേരെ കടിച്ചു, എത്രപേർ മരിച്ചു, സംസ്ഥാനത്ത് എത്ര തെരുവുനായ്ക്കളുണ്ട്, എത്ര ഷെൽട്ടർ റൂമുകൾ നിർമിച്ചു തുടങ്ങിയ വിവരങ്ങൾ പത്തുദിവസത്തിനകം അറിയിക്കാൻ നിർദേശിച്ച കോടതി, ഹരജി ആഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.