എയ്ഡഡ് നിയമനത്തിൽ ഹൈകോടതി; ഭിന്നശേഷിക്കാരെ നിയമിച്ചശേഷം മറ്റ് നിയമനങ്ങളുടെ അംഗീകാരം പരിഗണിക്കാം
text_fieldsകൊച്ചി: എയ്ഡഡ് സ്കൂളുകളിൽ വരാനിരിക്കുന്ന ഒഴിവുകളിൽ യോഗ്യരായ ഭിന്നശേഷി വിഭാഗക്കാരെ നിയമിച്ചശേഷം മുമ്പ് മറ്റ് വിഭാഗത്തിൽനിന്ന് നിയമിക്കപ്പെട്ടവരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതിന് തടസ്സമില്ലെന്ന് ഹൈകോടതി. ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സംവരണം നൽകാതെ എയ്ഡഡ് സ്കൂളുകളിൽ 2018 നവംബർ 18നുശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അധ്യാപകരും സ്കൂൾ മാനേജർമാരും നൽകിയ അപ്പീലുകളിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല.
4700 പുതിയ ഒഴിവ് വരുന്നുണ്ടെന്നും കുടിശ്ശിക ഒഴിവുകൾ നികത്താൻ വേണ്ടത്ര യോഗ്യതയുള്ളവർ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് ഉണ്ടാകില്ലെന്നും ഹരജി പരിഗണിക്കവേ സർക്കാർ വ്യക്തമാക്കി. ഇക്കാര്യം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഇടപെടാതിരുന്നത്. കുടിശ്ശിക നിയമനം നടത്തിയശേഷം വിദ്യാഭ്യാസ വകുപ്പിന് മറ്റ് നിയമനങ്ങളുടെ അംഗീകാരം പരിഗണിക്കാവുന്നതാണ്. അതേസമയം, നടപടികൾ അപ്പീൽ ഹരജിയിലെ അന്തിമവിധിക്ക് വിധേയമാണെന്നും വ്യക്തമാക്കി.
2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ മൂന്നുശതമാനവും 2017 നുശേഷമുള്ള ഒഴിവുകളിൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കിവെക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18നുശേഷം ഉണ്ടായ ഒഴിവുകളിൽ നിയമനം നൽകണമെന്നും ഈ നിയമന കുടിശ്ശിക നികത്തിയശേഷമേ 2018 നവംബർ 18 ന് ശേഷമുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാനാവൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.