ഹൈകോടതി ഉത്തരവിന് പുല്ലുവില; റേഷൻ തിരിമറി തകൃതി, അനങ്ങാതെ സർക്കാറും വിജിലൻസും
text_fieldsതിരുവനന്തപുരം: സംഭരണശാലകളിൽനിന്ന് റേഷൻകടകളിൽ എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ തൂക്കകൃത്യത വ്യാപാരികളെ ബോധ്യപ്പെടുത്തണമെന്ന ഹൈകോടതി ഉത്തരവ് കാറ്റിൽ പറത്തി സംസ്ഥാനത്ത് റേഷൻ തിരിമറി തകൃതി. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വാഹന കരാറുകാരുടെ നേതൃത്വത്തിൽ സപ്ലൈകോയുടെ കീഴിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ പ്രതിമാസം കോടികളുടെ തിരിമറി അരങ്ങേറുന്നത്. ഇതുസംബന്ധിച്ച് വ്യാപാരി സംഘടന നേതാക്കൾ ഭക്ഷ്യവകുപ്പിന് നിരവധി പരാതികൾ നൽകിയെങ്കിലും ശക്തമായ നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണം വിജിലൻസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
എഫ്.സി.ഐയിൽനിന്ന് സപ്ലൈകോ ഏറ്റെടുക്കുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലെത്തിക്കുന്നതിന് മുമ്പ് ഗോഡൗണുകളിലും തുടർന്ന് റേഷൻകടകളിലെത്തിക്കുമ്പോൾ വ്യാപാരിക്ക് മുന്നിലും തൂക്കം ഉറപ്പാക്കണമെന്നാണ് ചട്ടം. ധാന്യം തൂക്കിനൽകേണ്ട ചുമതല വിതരണം കരാറെടുത്തവർക്കാണ് സപ്ലൈകോ നൽകിയത്. വണ്ടി വാടകക്ക് പുറമെ കൈകാര്യ ചെലവും തൂക്ക ചെലവും കൂടി ഉൾപ്പെടുത്തിയാണ് സപ്ലൈകോ കരാർ ഒപ്പുവെക്കുന്നത്. നിലവിൽ റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ തൂക്കം നോക്കി ഇറക്കുന്നതിന് ലെവി ഉൾപ്പെടെ ക്വിന്റലിന് 20.34 രൂപയാണ് സർക്കാർ കരാറുകാരന് നൽകുന്നത്.
എന്നാൽ സംസ്ഥാനത്ത് പതിനാലായിരത്തോളം റേഷൻകടകളിൽ 90 ശതമാനം ഇടങ്ങളിലും വാഹന കരാറുകാർ തൂക്കി ഇറക്കുന്നില്ലെന്നാണ് പരാതി. ഒരു ചാക്കിൽ 50 കിലോ അരിയാണ് ഉണ്ടാകേണ്ടത്. എന്നാൽ പലപ്പോഴും കടകളിലെത്തുന്ന ചാക്കുകളിൽ 47 മുതൽ 48 കിലോ അരിയാണ് ഉണ്ടാകാറുള്ളതെന്ന് വ്യാപാരികൾ പറയുന്നു. തൂക്കി ഇറക്കണമെന്ന് ആവശ്യപ്പെടുന്ന വ്യാപാരികൾക്ക് പലപ്പോഴും മാസാവസാനമാണ് കരാറുകാർ സാധനങ്ങൾ എത്തിക്കുക. ഇതുസംബന്ധിച്ച് പരാതി നൽകിയാലും ജില്ല ഓഫിസർമാരോ താലൂക്ക് സപ്ലൈ ഓഫിസർമാരോ നടപടി സ്വീകരിക്കാറില്ല. ഇതോടെ തൂക്കം ഉറപ്പാകാതെ തന്നെ സാധനങ്ങൾ ഏറ്റെടുക്കുകയാണ് വ്യാപാരികൾ.
സപ്ലൈകോയുടെ കീഴിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ വിതരണത്തിലെ കൃത്യത ഉറപ്പുവരുത്താൻ ഇഷ്യു രജിസ്റ്റർ സൂക്ഷിക്കണമെന്നും ഭക്ഷ്യധാന്യത്തിന്റെ അളവ്, ചാക്കുകളുടെ എണ്ണം, ചാക്കിന്റെ തൂക്കം എന്നിവ രേഖപ്പെടുത്തണമെന്നും സർക്കാർ ഉത്തരവുണ്ടെങ്കിലും ഭൂരിഭാഗം ഗോഡൗണുകളിലും സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ല. ഗോഡൗണുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണമെന്നുമുള്ള നിർദേശങ്ങളും ഫയലുകളിൽ ഉറങ്ങുകയാണ്. ഇതോടെ സാധാരണക്കാരന് അർഹതപ്പെട്ട കോടികളുടെ ഭക്ഷ്യധാന്യമാണ് കരിഞ്ചന്തയിലെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.