ഒരു കപ്പൽകൂടി പിടിച്ചിടാൻ ഹൈകോടതി ഉത്തരവ്; പണമടച്ചതോടെ തീരംവിടാൻ അനുമതി
text_fieldsകൊച്ചി: മേയ് 24ന് കൊച്ചി തീരത്ത് മുങ്ങിയ ‘എം.എസ്.സി എൽസ-3’ കപ്പൽ മുഖേന അയച്ച ചരക്ക് നശിച്ചതിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ വീണ്ടുമൊരു കപ്പൽകൂടി പിടിച്ചിടാൻ ഹൈകോടതി ഉത്തരവ്. കഴിഞ്ഞ ദിവസത്തേതുപോലെ കോടതി നിർദേശിച്ച തുക കെട്ടിവെച്ചതോടെ കപ്പലിന് തീരം വിടാൻ സ്വാഭാവിക അനുമതിയുമായി.
കൊല്ലം സാൻസ് കാഷ്യൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വി.പി. പ്രവീണ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ ചൊവ്വാഴ്ച അദാനി വിഴിഞ്ഞം തുറമുഖത്തെത്തിയ എം.എസ്.സി കപ്പൽ കമ്പനിയുടെ പോളോ-രണ്ട് കപ്പൽ അറസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കിം ഉത്തരവിട്ടത്. കശുവണ്ടി അടങ്ങിയ കണ്ടെയ്നർ മുങ്ങിയതിനാൽ ഘാനയിൽ നിന്നെത്തിച്ച 51.420 മെട്രിക് ടൺ കശുവണ്ടി നശിച്ചതിലൂടെ 73.50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും ഈ തുക കെട്ടിവെക്കാൻ ഉത്തരവിടണമെന്നും തുക ഉറപ്പാക്കാൻ ഇതേ കമ്പനിയുടെ കപ്പൽ തടഞ്ഞുവെക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.
എന്നാൽ, തങ്ങളുടെ 50 കപ്പലുകൾ അറസ്റ്റ് ചെയ്യാതിരിക്കാൻ കവിയറ്റ് ഹരജി നൽകിയിട്ടുണ്ടെന്നും തുക കെട്ടിവെക്കാൻ തയാറാണെന്നും കപ്പൽ കമ്പനിയുടെ അഭിഭാഷകൻ അറിയിച്ചു. കപ്പൽ കേരളത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്താണെന്നും വ്യക്തമാക്കി. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കോടതി തുക കെട്ടിവെക്കുന്നതുവരെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
തുകയോ ബോണ്ടോ കെട്ടിവെച്ചാൽ ഉത്തരവ് റദ്ദായതായി കണക്കാക്കാമെന്നും കപ്പൽ തീരം വിടുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുക കോടതിയിൽ കെട്ടിവെച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് ഉച്ചകഴിഞ്ഞ് ഹാജരാക്കിയതിനെത്തുടർന്ന് കപ്പൽ തീരം വിടാനുള്ള തടസ്സം നീങ്ങി. കഴിഞ്ഞ ദിവസം അഞ്ച് കശുവണ്ടി വ്യാപാരികൾ നൽകിയ ഹരജിയിൽ എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പൽ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. 5.97 കോടി രൂപ കെട്ടിവെച്ചാണ് അന്ന് കപ്പൽ തീരം വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.