ഗുരുവായൂരിൽ ആഴ്ചയിൽ രണ്ടുദിവസം ഓൺലൈൻ ബുക്കിങ് സൗകര്യമൊരുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗുരുവായൂർ ക്ഷേത്രദർശനത്തിന് ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് സൗകര്യമൊരുക്കണമെന്ന് ഹൈകോടതി. ഭക്തരുടെ എണ്ണം വർധിക്കുകയും ദർശനം കാത്തുനിൽക്കുന്നവരുടെ നിര മണിക്കൂറുകൾ നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ കോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഈ നിർദേശവുമുള്ളത്.
ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ സൗകര്യാർഥമാണ് ഓൺലൈൻ ബുക്കിങ് നിർദേശിച്ചത്. തന്ത്രിയുമായി കൂടിയാലോചിച്ച് ദർശനസമയം കൂട്ടുന്ന കാര്യം പരിഗണിക്കാനും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കർമപദ്ധതി ദേവസ്വം മാനേജിങ് കമ്മിറ്റി രണ്ടുമാസത്തിനകം തയാറാക്കണം. സാധാരണ ദിവസങ്ങളിലും വിശേഷദിവസങ്ങളിലും ക്ഷേത്രത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നവരുടെ എണ്ണം ശാസ്ത്രീയമായി തിട്ടപ്പെടുത്തി, പ്രവേശനത്തിന് പരിധി നിശ്ചയിക്കണം.
ഭക്തർക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ പോയന്റുകൾ സ്ഥാപിക്കണം. 300-500 പേരുൾപ്പെട്ട ഗ്രൂപ്പുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ച് ഓരോ ഗ്രൂപ്പിനും ഏകദേശ ദർശനസമയം അനുവദിക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

