കാലിക്കറ്റ് രജിസ്ട്രാറെ നീക്കണെമന്ന് ഹൈകോടതി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. സി.എൽ. ജോഷിയെ ഫെബ്രുവരി 14നു മുമ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഹൈകോടതി. എയ്ഡഡ് കോളജ് അധ്യാപകർക്ക് രജിസ്ട്രാർ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്ന സെനറ്റ് അംഗം സി. രാജേഷിെൻറ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്. സി.എൽ. ജോഷി സ്ഥാനത്ത് തുടരുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഫെബ്രുവരി 16നകം സ്ഥിരനിയമനം നടത്തുമെന്ന് സർവകലാശാല കോടതിയെ അറിയിച്ചിരുന്നു. 14വരെ ജോഷിക്ക് സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫിസർ തുടങ്ങിയ തസ്തികകളിൽ എയ്ഡഡ് കോളജുകളിൽനിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കാമെന്ന് ചട്ടഭേദഗതി നടത്തിയതിനാൽ സി.എൽ. ജോഷിതന്നെ സ്ഥാനത്ത് തുടരാനാണ് സാധ്യത. സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചവരിൽനിന്ന് ഇദ്ദേഹത്തെതന്നെ നിയമിക്കും.
എയ്ഡഡ് കോളജായ തൃശൂർ സെൻറ് തോമസ് കോളജിൽനിന്ന് ഡെപ്യൂട്ടേഷനിൽ രജിസ്ട്രാറെ നിയമിക്കുന്നത് ചട്ടവിരുദ്ധമായിട്ടും സർവകലാശാല നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. തുടർന്നാണ് സെനറ്റ് അംഗമായ രാജേഷ് ഹൈകോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സിംഗ്ൾ ബെഞ്ച് സർവലകലാശാലയെ രൂക്ഷമായി വിമർശിച്ചിരുന്നു. പുറത്തുകാണുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ സർവകലാശാലയിൽ നടക്കുന്നുണ്ടാവാമെന്നായിരുന്നു വാദത്തിനിടെ കോടതിയുടെ പരാമർശം.
രജിസ്ട്രാറുടെ സ്ഥിരനിയമനത്തിന് അേപക്ഷ ക്ഷണിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതായി വൈസ് ചാൻസലർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച സത്യവാങ്മൂലം വി.സി കൃത്യസമയത്ത് ഹാജരാക്കിയിരുന്നില്ല. രജിസ്ട്രാറുടെ സ്ഥിരനിയമനത്തിന് സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയുടെയും ആലോചനയുടെയും അടിസ്ഥാനത്തിൽ കുറിപ്പ് തയാറാക്കി എന്നായിരുന്നു സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. സ്ഥിരനിയമനത്തിനായി ചർച്ച നടത്തിയത് മിനിറ്റ്സിലില്ലാത്തതും വിവാദമായിരുന്നു. ചട്ടവിരുദ്ധമായ ഡെപ്യൂട്ടേഷൻ നിയമനത്തിനെതിരെ ചാൻസലർ കൂടിയായ ഗവർണറുടെ മുന്നിലും പരാതിയെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.