ആർ.എൽ.വി രാമകൃഷ്ണന് എതിരായ അപകീർത്തി കേസ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: നർത്തകരായ ആർ.എൽ.വി രാമകൃഷ്ണൻ, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവർക്കെതിരായ അപകീർത്തി കേസുകൾ ഹൈകോടതി റദ്ദാക്കി. ഇരുവർക്കുമെതിരെ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നൽകിയ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. സത്യഭാമയുടെ സ്വകാര്യ അന്യായത്തെ തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടർ നടപടികൾ ചോദ്യം ചെയ്ത് രാമകൃഷ്ണനും ഉല്ലാസും നൽകിയ ഹരജി അനുവദിച്ചാണ് നടപടി.
2018 ജനുവരിയിൽ അബൂദബിയിൽ മലയാളി അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ ഹരജിക്കാർ പരിശീലിപ്പിച്ച നർത്തകർ പിന്തള്ളപ്പെട്ടത് വിധികർത്താവിന്റെ ഇടപെടൽ മൂലമാണെന്ന ധാരണയിൽ വിധികർത്താവായ സത്യഭാമയെ ഫോണിൽ വിളിച്ചിരുന്നു. നർത്തകരുടെ അവതരണം മികച്ചതായിരുന്നില്ലെന്നും അനുഭവ പരിചയമുള്ള നൃത്താധ്യാപകർക്ക് പോലും പിശക് പറ്റാറുണ്ടെന്നുമായിരുന്നു സത്യഭാമയുടെ വിശദീകരണം. ഈ സംഭാഷണഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.
എന്നാൽ, അപകീർത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പകർപ്പുകളും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഈ തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണ കോടതി കുറ്റകൃത്യം വിലയിരുത്തി നടപടിക്ക് നിർദേശിച്ചതെന്ന് കോടതിയും വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.