കെ.ടി.യു സിന്‍ഡിക്കേറ്റ് തീരുമാനം മരവിപ്പിക്കൽ ഗവർണറുടെ നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കേരള സാങ്കേതിക സർവകലാശാലയിൽ പ്രത്യേക സമിതിയെ നിയോഗിച്ച തീരുമാനം മരവിപ്പിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ഹൈകോടതി റദ്ദാക്കി. വൈസ് ചാൻസലറായിരുന്ന ഡോ. സിസ തോമസിനെ ഭരണ നിർവഹണത്തിൽ സഹായിക്കാൻ പ്രത്യേക സമിതിയെ വെച്ച സിൻഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച നടപടിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ റദ്ദാക്കിയത്.
സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന ബോർഡ് ഓഫ് ഗവണേഴ്സിന്റെ തീരുമാനവും ചാൻസലർ സസ്പെൻഡ് ചെയ്തിരുന്നു. ഇതും റദ്ദാക്കി. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം കൂടിയായ ഐ.ബി. സതീഷ് എം.എൽ.എ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. നിയമപ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് നടപടിയെന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാർ നൽകിയ പട്ടിക പരിഗണിക്കാതെ ഡോ. സിസ തോമസിനെ താൽക്കാലിക വൈസ് ചാൻസലറായി ഗവർണർ നിയമിച്ചതിന് പിന്നാലെയാണ് പ്രത്യേക സമിതി രൂപവത്കരിച്ച് സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവണേഴ്സിന്റെയും തീരുമാനങ്ങളുണ്ടായത്. ഈ തീരുമാനങ്ങൾ സസ്പെൻഡ് ചെയ്യും മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയില്ലെന്നാണ് ഹരജിയിലെ ആരോപണം.
എന്നാൽ, സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവണേഴ്സിന്റെയും ഉത്തരവുകൾ നിയമവിരുദ്ധമായതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാതെ സസ്പെൻഡ് ചെയ്തതെന്നായിരുന്നു ചാൻസലറുടെ വാദം. കാരണം കാണിക്കൽ നോട്ടീസ് നൽകി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാമെന്നും ചാൻസലറുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, ഈ വാദം അംഗീകരിക്കാതെയാണ് ചാൻസലറുടെ തീരുമാനം റദ്ദാക്കിയത്.
കെ.ടി.യു: സിൻഡിക്കേറ്റംഗത്വം അസാധുവായവർ യോഗത്തിൽ; വിവാദം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) സിൻഡിക്കേറ്റംഗത്വം തുലാസിലായ അംഗങ്ങൾ വൈസ്ചാൻസലറുടെ അനുമതിയില്ലാതെ യോഗത്തിൽ പങ്കെടുത്തെന്ന് വിവാദം. ഓർഡിനൻസ് അസാധുവായതിനെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതി സർക്കാറിന്‍റെയും ഗവർണറുടെയും പരിഗണനയിലിരിക്കെയാണ് ഈ സിൻഡിക്കേറ്റംഗങ്ങൾ വെള്ളിയാഴ്ച ചേർന്ന റിസർച്ച് ആൻഡ് അക്കാദമിക് സ്ഥിരംസമിതി യോഗത്തിൽ പങ്കെടുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജു ഉൾപ്പെടെയുള്ളവരുടെ സിൻഡിക്കേറ്റംഗത്വമാണ് വിവാദമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.