സീനിയോറിറ്റി മറികടന്ന് ഹെഡ്‌മാസ്റ്ററെ നിയമിച്ചത് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ അധ്യാപകനായിരുന്ന ടി.ജെ. സേവ്യറിന്റെ സീനിയോറിറ്റി മറികടന്ന് മറ്റൊരു അധ്യാപകനെ ഹെഡ്‌മാസ്റ്ററായി നിയമിച്ച സ്‌കൂൾ മാനേജ്‌മെന്റ് നടപടി ഹൈകോടതി റദ്ദാക്കി. സർവിസിൽനിന്ന് വിരമിച്ച ടി.ജെ. സേവ്യറിനെ 2018 ജൂൺ ഒന്നുമുതൽ ഹെഡ്‌മാസ്റ്ററായി നിയമിച്ചതായി കണക്കാക്കി പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. സീനിയോറിറ്റി മറികടന്ന് ഹെഡ്‌മാസ്റ്ററായി നിയമിച്ചതിനെതിരെ സേവ്യർ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
സീനിയോറിറ്റി അനുസരിച്ച് ഹരജിക്കാരനെയാണ് ഹെഡ്‌മാസ്റ്ററായി നിയമിക്കേണ്ടിയിരുന്നത്. എന്നാൽ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സീനിയോറിറ്റി മറികടന്ന് നിയമനം നടത്താൻ ന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് നിയമപരമായി അനുവാദമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് മറ്റൊരാളെ ഹെഡ്‌മാസ്റ്ററാക്കിയത്. പക്ഷേ, മാനേജ്മെന്റ് നൽകിയ നിയമന ഉത്തരവിൽ നിയമനത്തിനു യോഗ്യനായ മറ്റൊരു അധ്യാപകൻ സ്കൂളിലില്ലെന്നാണ് പറയുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലുള്ള അവകാശം വിനിയോഗിച്ച് ഉത്തരവിറക്കുമ്പോൾ ഉത്തരവിലെ ഈ ഭാഗം ഒഴിവാക്കണം. എന്നാൽ, ഹരജിക്കാരന്റെ കേസിൽ ഇതു പാലിച്ചിട്ടില്ലെന്ന് ഹൈകോടതി വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.