എന്തിനാണ് പേടി? പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ഹൈകോടതി
text_fieldsകൊച്ചി: ആസൂത്രണ ബോർഡ് ചീഫ് തസ്തിക പരീക്ഷ ക്രമക്കേട് കേസിൽ ഒരു പി.എസ്.സി അംഗത്തെ പോലും പ്രതിചേർക്കാത്ത സാഹചര്യത്തിൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ പി.എസ്.സിക്ക് പ്രശ്നമെന്തെന്ന് ഹൈകോടതി. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും ക്രമക്കേട് നടത്തിയില്ലെങ്കിൽ അത് ബോധ്യപ്പെടുത്തിയാൽ പോരേയെന്നും കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സിയും സെക്രട്ടറിയും നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ ചോദ്യമുന്നയിച്ചത്. ഹരജിക്കാരുടെയും എതിർകക്ഷികളുടെയും വാദം പൂർത്തിയാക്കിയ കോടതി ഹരജി വിധി പറയാൻ മാറ്റി.
അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്ന വാദമാണ് പി.എസ്.സി ഉന്നയിച്ചത്. നിയമനാധികാരി ഗവർണറാണെങ്കിലും അംഗങ്ങളെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്. ഇതിന് സുപ്രീംകോടതി സമിതിയുടെ അനുമതിയും ആവശ്യമാണ്. മുൻകൂർ അനുമതിയില്ലാതെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണ്. ആസൂത്രണ ബോർഡ് നിയമന നടപടികളിൽ പിഴവു പറ്റിയതായി പി.എസ്.സിക്ക് ബോധ്യമായതിനാൽ തിരുത്തൽ നടപടികൾ നടക്കുകയാണ്. ചില ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ബോധപൂർവമല്ല. വിവരാവകാശ മറുപടി വൈകിയത് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലെ കേസിന്റെ പശ്ചാത്തലത്തിലാണ്. ചില ഉദ്യോഗാർഥികളുടെ മാത്രമല്ല, പരീക്ഷയെഴുതിയ 228 പേരുടേയും ഉത്തര കടലാസുകളിൽ ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ല. അതിനാൽ, ഇത് ഏതെങ്കിലും ഒരാൾക്കുവേണ്ടി കൃത്രിമം കാട്ടിയതാണെന്ന് പറയാനാവില്ല. ഒരു വകുപ്പ് പ്രകാരവും കുറ്റം നിലനിൽക്കില്ല. എന്നാൽ, അങ്ങിനെ പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറച്ച് ഉദ്യോഗാർഥികൾ മാത്രമായതിനാൽ ഉത്തരക്കടലാസുകളെല്ലാം അനൗദ്യോഗിക പരിശോധന നടത്തി ഒരാൾക്കുവേണ്ടി ചില ചോദ്യങ്ങൾ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കി ക്രമക്കേട് നടത്താൻ സാധ്യതയുണ്ട്. പൊതുസേവകൻ അനധികൃതമായി ഒരു കാര്യം ചെയ്തുനൽകുന്നത് പോലെ, നിയമപരമായി ചെയ്യേണ്ട കാര്യം ചെയ്യാത്തതും ക്രമക്കേടിന്റെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചില ചോദ്യങ്ങൾ ഒഴിവാക്കാൻ ഔദ്യോഗിക തീരുമാനമുണ്ടെങ്കിൽ അതിന്റെ തെളിവ് നൽകണം. ഉത്തരവാണെങ്കിൽ അത് ഹാജരാക്കണം. അല്ലാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമോയെന്നത് പരിശോധിക്കേണ്ടതുണ്ട്. ആസൂത്രണ ബോർഡിലെ ആദ്യ നിയമന നടപടികൾ സംശയ നിഴലിലാണെന്ന് കോടതി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരെയാണ് പരിഗണിച്ചതെന്ന് ആക്ഷേപമുണ്ട്. കഷ്ടപ്പെട്ട് പഠിച്ച് തയാറെടുക്കുന്ന യുവതലമുറയുടെ പ്രതീക്ഷകളാണ് സുതാര്യതയില്ലാതെ പരീക്ഷകൾ നടത്തുമ്പോൾ അസ്തമിക്കുന്നത്. ആരെയാണ് വിശ്വസിക്കുക?. അഴിമതി തടയൽ നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അന്വേഷണത്തിന് മുമ്പ് അനുമതി വേണ്ടതുണ്ടോ, നിലവിലെ എഫ്.ഐ.ആർ നിലനിൽക്കുമോ എന്നീ വിഷയങ്ങളിലാണ് തീരുമാനമാകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.പി.എസ്.സിയെ ചിലർ കുടുംബ സ്വത്തുപോലെയാക്കിയെന്ന് സർക്കാറിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. അസഫലി പറഞ്ഞു. കൈകൾ ശുദ്ധമാണെങ്കിൽ അങ്കലാപ്പെന്തിനെന്നും ഡി.ജി.പി ചോദിച്ചു.

