സോളാർ: പുതിയ ചട്ടങ്ങൾ സ്റ്റേ ചെയ്ത് ഹൈകോടതി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സോളാർ അടക്കം പുനരുപയോഗ ഊർജ ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പുറപ്പെടുവിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.
നവംബർ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്ത് ഡൊമസ്റ്റിക് ഓൺ ഗ്രിഡ് സോളാർ പവർ പ്രോസ്യൂമേഴ്സ് ഫോറം ഉൾപ്പെടെ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് തുടർ നടപടികൾ ഒരുമാസത്തേക്ക് തടഞ്ഞത്. തീരുമാനത്തിനെതിരായ ആരോപണങ്ങളിന്മേൽ നിയമസാധുതയടക്കം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കെ.എസ്.ഇ.ബിക്കും വൈദ്യുതി റെഗുലേറ്ററി കമീഷനും കോടതി നിർദേശം നൽകി. പർച്ചേസ് എഗ്രിമെന്റുകളിൽ കമീഷൻ അംഗങ്ങൾ നടത്തുന്ന കോടികളുടെ അഴിമതി മറച്ചുവെക്കാനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹരജിയിലെ ആരോപണം. വിജ്ഞാപനമിറക്കുംമുമ്പ് പൊതുതെളിവെടുപ്പ് നടത്തുമെന്നും ഇതിന് ഒരുമാസത്തെ സാവകാശം വേണമെന്നുമായിരുന്നു കഴിഞ്ഞ മൂന്നിന് ഹരജി പരിഗണിച്ചപ്പോൾ റെഗുലേറ്ററി കമീഷൻ അറിയിച്ചത്. എന്നാൽ, രണ്ടുദിവസത്തിനകം വിജ്ഞാപനമിറങ്ങി.
വിഷയത്തിൽ വിശദ വാദം കേൾക്കേണ്ടതുണ്ടെന്നറിയിച്ച കോടതി, തുടർന്ന് ഹരജി ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

