വിട പറഞ്ഞത് പെരുമാക്കന്മാരുടെ ചരിത്രകാരൻ
text_fieldsകോഴിക്കോട് :കേരള ചരിത്രത്തെ ആഴത്തിൽ പഠിക്കുകയും ചരിത്രത്തിൽനിന്ന് മുത്തും പവിഴും ശേഖരിക്കുകയും ചെയ്ത ചരിത്രകാരനാണ് എം.ജി.എസ് നാരായണൻ. കൊടുങ്ങല്ലൂരിലെ പെരുമാക്കന്മാരായിരുന്നു അദ്ദേഹത്തിന് ഇഷ്ട വിഷയം. കേരള ചരിത്ര പഠനരംഗത്തെ പെരുമാക്കന്മാരുടെ ചരിത്രകാരനാണ് എം.ജി.എസ്. നാരായണൻ. പെരുമാള്‍സ് ഓഫ് കേരള (1972) എം.ജി.എസിന്റെ മാസ്റ്റര്‍പീസ് എന്ന് വിളിക്കപ്പെടുന്ന ചരിത്രപഠനമാണ്. കേരള ചരിത്രത്തിന്റെ നാഴികക്കല്ലായാണ് ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നത്.
1996 ലാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രസ് അദ്ദേഹത്തിന്റെ പി.എച്ച്.ഡി. തീസിസ് കേരളത്തിലെ പെരുമാൾസ് എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ഇളംകുളം കുഞ്ഞൻപിള്ള വിശദീകരിച്ച രണ്ടാം ചേരസാമ്രാജ്യത്ത വാഴ്ചയുടെ കൂടുതൽ വിപുലമായ വിശദീകരണം ആയിരുന്നു അദ്ദേഹത്തിന്റെ പെരുമാൾവാഴ്ച. കേരള ചരിത്രത്തിലെ കെട്ടുകഥകൾ ആകെ തമസ്കരിക്കുകയും അതിനെ തുറന്നു കാണിക്കുകയും ചെയ്തത് എം.ജി.എസിന്റെ ചരിത്ര പഠനങ്ങളാണ്. കേരള ചരിത്റരത്തിലെ 10 കള്ളക്കഥകൾ എന്ന പേരിൽ പുസ്തകവും അദ്വദേഹം എഴുതി.
ഇളംകുളം കുഞ്ഞൻപിള്ള കേരളത്തിൻറ ഇരുളടഞ്ഞ ഏടുകളിൽനിന്ന് കണ്ടെത്തിയ രണ്ടാം സാമ്രാജ്യം എന്നും കുലശേഖര ഭരണകാലം എന്നുമൊക്കെ വിശേഷിപ്പിച്ച ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ നീണ്ട കാലത്തെ ഭരണ സംവിധാനമാണ് എം.ജി.എസ് അന്വേഷിച്ചത്. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയുള്ള രാജാക്കന്മാരുടെ വംശാവലി ചരിത്രം മലയാളിക്ക് കൃത്യമായി പരിചയപ്പെടുത്തിയത് എം.ജി.എസ് ആണ്. എ.ഡി 800 നും 1124 നും ഇടയിലുള്ള കാലഘട്ടത്തിലെ കേരള ചരിത്രത്തെ സൂക്ഷ്മമായ അന്വേഷണത്തിലൂടെ പുനർനിർമിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ കാലഘട്ടത്തിലെ ലിഖിതങ്ങളുടെയും സാഹിത്യത്തിന്റെയും വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പഠനം.
ശാസനധിഷ്ഠിതമായ കേരള ചരിത്ര അന്വേഷണത്തിന് പ്രാധാന്യം നൽകിയ ചരിത്രകാരനാണ് എംജിഎസ് നാരായണൻ. പെരുമാൾ വാഴ്ചയുടെ ചരിത്രം മലയാളിക്ക് ലളിതമായി പറഞ്ഞു തന്നത് എം.ജി.എസ് ആണ്. ബ്രാഹ്മണ ഊരായ്മയും നായർ കാരായ്മയും ഈഴവ- വെള്ളാള കുടിയായ്മ്മയും മറ്റ് വിഭാഗങ്ങളുടെ അടിയായ്മയും അടക്കമുള്ള സാമ്പത്തിക സംവിധാനമാണ് പെരുമാൾവാഴ്ച വാഴ്ചക്കാലത്ത് കേരളത്തിൽ നിലനിന്നത് എന്നായിരുന്നു എം.ജി.എസിന്റെ നിഗമനം.
തെന്നിന്ത്യയിലെ ചോള- പാണ്ഡ്യ സാമ്രാജ്യങ്ങൾക്ക് സമാനമായി ഒരു സാമ്രാജ്യം കൊടുങ്ങല്ലൂർ ഉണ്ടായിരുന്നു എന്നാണ് ഇളംകുളം കുഞ്ഞൻപിള്ള അന്വേഷണത്തിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. അതിന്റെ തുടർപഠനം ആയിരുന്നു എം.ജി.എസ് നടത്തിയത്. ഇളംകുളം നടത്തിയതിനെക്കാൾ ശാസ്ത്രീയമായി രാജാക്കന്മാരുടെ വംശാവലി ചരിത്രം അടയാളപ്പെടുത്താൻ എം.ജി.എസിന് കഴിഞ്ഞു. രാജശേഖരൻ മുതൽ രാമവർമ്മ കുലശേഖരൻ വരെയുള്ള രാജാക്കന്മാരുടെ വംശാവലി കൃത്യമായി അടയാളപ്പെടുത്തിയത് എം.ജി.എസ് ആണ്.
അതിന് എം.ജി.എസ് ഒമ്പത്, 10, 11 നൂറ്റാണ്ടുകളിലെ ലിഖിതങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ചരിത്രരചന തെന്നിന്ത്യയിലെ മറ്റു രാജ്യവംശങ്ങൾക്ക് സമാനമായി കൊടുങ്ങല്ലൂർ കേന്ദ്രമാക്കി രാജവാഴ്ച ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ എം.ജി.എസിന് കഴിഞ്ഞു. ശാസനങ്ങളിലുള്ള പരാമർശങ്ങളെ വ്യാഖ്യാനിക്കുകയും രാജാക്കന്മാരുടെ നാൾവഴി ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. രാജൻഗുരുക്കളും രാഘവ വാര്യരും എഴുതിയ കേരള ചരിത്രത്തിന്റെ പെരുമാൾ വാഴ്ചക്കാലം എം.ജി.എസ് നാരായണന്റെ അന്വേഷണങ്ങളാണ്. ലിഖിതങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും അടിത്തറ എം.ജി.എസ് നാരായണന്റെതാണ്.
നമ്പൂതിരി ഗ്രാമങ്ങളുടെ അടിത്തറയിൽ രൂപംകൊണ്ട ക്ഷത്രിയ ഭരണത്തെ കുറിച്ചാണ് അദ്ദേഹം പഠനം നടത്തിയത്. പുരാരേഖകളെന്നാൽ അദ്ദേഹത്തിന് ശാസനങ്ങളും ലിഖിതങ്ങളുമായിരുന്നു. 33 ശാസനങ്ങളുടെ അടിത്തറയിലാണ് ഇളംകുളം കുഞ്ഞുള്ള രണ്ടാം ചേര സാമ്രാജ്യത്തിന്റെ അടിസ്ഥാനശിലയിട്ടത്. അതിൽ തരസാപ്പള്ളി ശാസനത്തെയും ജൂതചെപ്പേടിനെയും കുറേക്കൂടി വിശദമായ വ്യാഖ്യാനത്തോടുകൂടി അവതരിപ്പിക്കാൻ എം.ജി.എസ് നാരായണന് കഴിഞ്ഞു. കോഴിക്കോടിന്റെ കഥ എന്ന പുസ്തകത്തിൽ സാമൂതിരി രാജ്യവും അതിന്റെ ചരിത്രത്തിലേക്കാണ് അദ്ദേഹം വെളിച്ചം വീശിയത്. കോഴിക്കോടിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്തി.
കടുത്ത വിമർശനങ്ങളെ പോലും വളരെ സൗമ്യമായി സഹിഷ്ണുതയോടെ നേരിട്ട ചരിത്രകാരനാണ് എം.ജി.എസ് നാരായണൻ. കേരള ചരിത്ര പഠന രംഗത്ത് ഒരു പുതിയ സമീപന രീതി അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹം പരിശോധന നടത്തിയത് ബ്രാഹ്മണിക്കൽ രേഖകളായിരുന്നു. ബ്രഹാമണഗ്രാമങ്ങളിലെയും കൊട്ടാരങ്ങളിലെ ഗ്രന്ഥവരികളുമാണ് ചരിത്ര പഠനത്തിനുള്ള പ്രധാന സ്രോതസായി പരിഗണിച്ചത്. വിദേശ സഞ്ചാരികളുടെ കുറിപ്പുകളെ ചരിത്ര രചനക്ക് ഏറെ അദ്ദേഹം ഗൗരവപൂർവം ഉപയോഗിച്ചിരുന്നില്ല.
കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും അടിത്തറയിൽ സൃഷ്ടിക്കപ്പെട്ട കേരള ചരിത്രത്തെ അദ്ദേഹം ചോദ്യം ചെയ്തു. പരശുരാമകഥ, കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാൾ മതം മാറിയ കഥ തുടങ്ങി കേരളത്തിലെ 10 ഐതിഹ്യങ്ങളെയാണ് അദ്ദേഹം പുനർവായിച്ചത്. കാലഗണന അനുസരിച്ച് ചരിത്ര കൃതികളെയും ലിഖിതങ്ങളെയും അടയാളപ്പെടുത്താൻ എം.ജി.എസിന് കഴിഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളോടൊപ്പമാണ് അദ്ദേഹം വളർന്നത്. മാർക്സിനെയും മാർക്സിസ്റ്റുകളെയും വായിച്ചു. ആശയപരമായി ഇടതുപക്ഷത്തോട് ചായ്‌വ് കാണിച്ചു. ആരംഭകാലത്ത് അദ്ദേഹം മാർക്സിസ്റ്റ് ചരിത്രകാരൻ എന്നാണ് അറിയപ്പെടാൻ ആഗ്രഹിച്ചത്. എം.ജി.എസിനെ ഇ.എം.എസ് മാർക്സിസ്റ്റ് ചരിത്രകാരനായി വിലയിരുത്തുകയും ചെയ്തു. ചരിത്രാന്വേഷണത്തിൽ ഇടതുപക്ഷത്തിന്റെ സങ്കുചിതമായ താല്പര്യങ്ങളോടെ അദ്ദേഹം വിയോജിച്ചതോടെ അദ്ദേഹം ഇടതു വിരുദ്ധ ചേരിയിലായി. കാലക്രമേണ എല്ലാ കമ്മ്യൂണിസ്റ്റുകളോടും എം.ജി.എസ് വിയോജിച്ചു. തുടർന്ന് അദ്ദേഹത്തെ എത്തിച്ചേർന്നത് ബി.ജെ.പി പാളയത്തിലാണ്.
ബി.ജെ പി. ഭരണകാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ (ഐ.സി.എച്ച്.ആർ)ചെയർമാനായി.കമ്മ്യൂണിസ്റ്റുകാർക്ക് ഐ.സി.എച്ച്.ആറിൽ വളരെക്കാലമായി സ്വാധീനമുണ്ടെന്നും നടപടിക്രമങ്ങൾ വസ്‌തുനിഷ്‌ഠമായി പാലിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്ന് എഴുതി. കേരളചരിത്രത്തെക്കുറിച്ചുള്ള അക്കാദമിക് പഠന സമീപനത്തിനെതിരെ പി.കെ. ബാലകൃഷ്ണൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയാൻ എം.ജി.എസ് ഒരിക്കലും തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.