കാവിവത്കരണ അജണ്ട എൻ.സി.ഇ.ആർ.ടി പുസ്തകം കേരളം പഠിപ്പിക്കരുതെന്ന് ചരിത്രകോൺഗ്രസ്, എസ്.സി.ഇ.ആർ.ടി പകരം പുസ്തകങ്ങൾ തയാറാക്കണം
text_fieldsകേരള ചരിത്ര കോൺഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. വി. കാർത്തികേയൻ നായർ, ജനറൽ സെക്രട്ടറി ഡോ. ടി. മുഹമ്മദലി
തിരുവനന്തപുരം: കാവിവത്കരണ അജണ്ടയോടെ തയാറാക്കിയ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾക്ക് പകരം ഹയർസെക്കൻഡറി ക്ലാസുകളിലേക്ക് കേരളം പ്രത്യേക പാഠപുസ്തകം തയാറാക്കണമെന്ന് തിരുവനന്തപുരത്ത് സമാപിച്ച കേരള ചരിത്ര കോൺഗ്രസിന്‍റെ പത്താം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി ചരിത്രം, സാമ്പത്തിക ശാസ്ത്രം, സോഷ്യോളജി തുടങ്ങിയവക്കായി എസ്.സി.ഇ.ആർ.ടി പ്രത്യേക പാഠപുസ്തകം തയാറാക്കണമെന്ന് ചരിത്രകോൺഗ്രസ് അധ്യക്ഷൻ പ്രഫ. വി. കാർത്തികേയൻ നായർ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ചരിത്ര വിദ്യാർഥികൾക്കും ബിരുദതലത്തിൽ ഇന്‍റേൺഷിപ്പ് സൗകര്യം ഒരുക്കണമെന്നും ചരിത്രകോൺഗ്രസ് ആവശ്യപ്പെട്ടു. വിനോദസഞ്ചാരം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തുന്ന സന്ദർശകർക്ക് ചരിത്രം വിശദീകരിച്ചുനൽകുന്നതിന് ചരിത്ര വിദ്യാർഥികൾക്ക് പരിശീലനം നൽകി ഉപയോഗിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഭാരവാഹികളായി
തിരുവനന്തപുരം: കേരള ചരിത്ര കോൺഗ്രസ് പ്രസിഡന്‍റായി പ്രഫ. വി. കാർത്തികേയൻ നായരെയും ജനറൽ സെക്രട്ടറിയായി ഡോ. ടി. മുഹമ്മദലിയെയും വീണ്ടും തെരഞ്ഞെടുത്തു. പ്രഫ. കെ.എസ്. മാധവൻ (നോർത്), ഡോ. എൻ. അശോക് കുമാർ (സെൻട്രൽ), ഡോ. പാർവതി മേനോൻ (സൗത്) എന്നിവരാണ് വൈസ്പ്രസിഡന്റുമാർ. ടി. ഷിബു (സതേൺ റീജിയൻ), ഡോ. സി. മൊയ്‌തീൻ (സെൻട്രൽ റീജിയൻ), ഡോ. കെ. മുഹമ്മദ് സിറാജുദ്ദീൻ എന്നിവരെ റീജ്യനൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഡോ. റോബിൻസൺ ജോസാണ് ട്രഷറർ. ഡോ. സെബാസ്റ്റ്യൻ ജോസഫ് അക്കാദമിക് കോഓഡിനേറ്ററാകും.
ശാസ്ത്രീയ ചരിത്രരചന കേരളത്തിലും അനിവാര്യം -ഡോ. അമർനാഥ് രാമകൃഷ്ണൻ
തിരുവനന്തപുരം: ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും പിൻബലമില്ലാത്ത ശാസ്ത്രീയ ചരിത്രരചന കേരളത്തിലും അനിവാര്യമെന്ന് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനും തമിഴ്നാട്ടിലെ കീഴടി ഖനന പദ്ധതി ഡയറക്ടറുമായ ഡോ. അമർനാഥ് രാമകൃഷ്ണൻ. കേരള ചരിത്ര കോൺഗ്രസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകണം രേഖപ്പെടുത്തേണ്ടത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായുള്ള വളച്ചൊടിക്കലുകളിൽനിന്ന് മുക്തമായി ദക്ഷിണേന്ത്യയുടെ ചരിത്രം വീണ്ടെടുക്കാനായി കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കൂടുതൽ ഗൗരവമായ പുരാവസ്തു ഉത്ഖനനങ്ങൾ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘകാല സാഹിത്യത്തിൽ പറയുന്ന വസ്തുതകളെ സ്ഥിരീകരിക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വൈഗ നദീതീരത്തെ ഇരുന്നൂറിലധികം പുരാതന ചരിത്ര കേന്ദ്രങ്ങൾ കണ്ടെത്തുകയും പുരാതന മധുരയ്ക്കടുത്തുള്ള കീഴടിയിൽ ഖനനം പദ്ധതിക്ക് നേതൃത്വം നൽകുകയും ചെയ്തയാളാണ് ഡോ. അമർനാഥ് രാമകൃഷ്ണൻ.
ചരിത്ര കോൺഗ്രസ് അക്കാദമിക് കോഓഡിനേറ്റർ ഡോ. സെബാസ്റ്റ്യൻ ജോസഫ് സംസാരിച്ചു. പ്രസിഡന്‍റ് പ്രഫ. വി. കാർത്തികേയൻ നായർ സമാപന പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഡോ. ടി. മുഹമ്മദലി, പ്രഫ. കെ.എസ്. മാധവൻ, ഡോ. ഗോപകുമാരൻ നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

