വീണ്ടും ന്യൂനമർദം; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
text_fieldsകോഴിക്കോട്: മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട്, തൃശൂർ, കോട്ടയം, കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ ശനിയാഴ്ച (08-08-2026) അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളിലും വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി. അതേസമയം, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധിയാണ്. എന്നാൽ, നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
തൃശ്ശൂർ ജില്ലയിൽ നഷ്ടപ്പെട്ട അധ്യയന സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശനിയാഴ്ച പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരുന്നു. തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2026 തീയതി ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലായെന്ന് കലക്ടർ അറിയിച്ചു.
വയനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗണ്‍-പാല്‍ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് ജില്ലാ കലക്ടർ ഡി.ആര്‍ മേഘശ്രീ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ല കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻററുകൾ, കോച്ചിങ് ക്ലാസുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമായിരിക്കും. അതേസമയം, റസിഡൻഷ്യൽ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്നും കലക്ടർ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജുകൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങൾ റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി മനസിലാക്കി അങ്ങോട്ടേക്ക് മാറണം. കൂടാതെ, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കാനും നിർദേശമുണ്ട്.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തുടനീളം 440 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,773 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ക്യാമ്പുകൾ കോട്ടയം (139), പത്തനംതിട്ട (133), ആലപ്പുഴ (127) ജില്ലകളിലാണ്. ഇടുക്കി-17, തൃശൂർ, മലപ്പുറം, കോഴിക്കോട് അഞ്ചുവീതവും, വയനാട്-നാല്, കണ്ണൂർ, കാസർകോട്-രണ്ടുവീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ക്യാമ്പുകളുടെ എണ്ണം. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ ഇതുവരെ 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലാണ് കൂടുതൽ മരണം (05). ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാല് പേർ വീതം. തിരുവനന്തപുരം-03, പത്തനംതിട്ട-02, ഇടുക്കി-02, കോഴിക്കോട്-02, കൊല്ലം-01, പാലക്കാട്-01 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ. കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. 70 വീടുകൾ പൂർണമായും 764 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് (21) ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

