ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കോവിഡ് ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ ക്വാറൻറീൻ; നിർദേശങ്ങൾ പുതുക്കി
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗലക്ഷണങ്ങളില്ലാത്തവരെ ഇനി വീടുകളിൽ ക്വാറൻറീനിലാക്കും. മടങ്ങിയെത്തിയ എല്ലാവർക്കും സർക്കാർ കേന്ദ്രങ്ങളിലെ നിർബന്ധിത നിരീക്ഷണത്തിൽ ഇളവ് വരുത്തിയാണ് പുതിയ നിർദേശം. പരിമിത സൗകര്യങ്ങളുള്ള സർക്കാർ ക്വാറൻറീന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപനത്തിന് വഴിെവച്ചേക്കാമെന്നും അതിനെക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറൻറീന്‍ സംവിധാനമാണെന്നും വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് ശിപാര്‍ശ അംഗീകരിച്ച് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതര സംസ്ഥാനത്തുനിന്ന് വരുന്ന എല്ലാവരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനക്കും ചികിത്സക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റിവാകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും 14 ദിവസം ഹോം ക്വാറൻറീനിൽ അയക്കും. ഇങ്ങനെയുള്ളവർ രോഗലക്ഷണം പ്രകടിപ്പിച്ചാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കി തുടര്‍ നടപടി കൈക്കൊള്ളും.
മാർഗനിർദേശങ്ങൾ പുതുക്കി
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾ ഉൾപ്പെടെ തിരികെയെത്തുന്ന സാഹചര്യത്തിൽ ഹോം ക്വാറന്‍റീന് ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾ. മാർഗനിർദേശ പ്രകാരമുള്ള സൗകര്യങ്ങൾ ലഭ്യമായവർക്ക് മാത്രമേ ഹോം ക്വാറന്‍റീൻ അനുവദിക്കുകയുള്ളൂ.
സ്വന്തം താമസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ശുചിമുറിയും ഉള്ളവർക്ക് മാത്രമേ ഹോം ക്വാറന്‍റീന്‍ അനുവദിക്കൂ. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന് സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി ഉറപ്പുവരുത്തണം.
മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്‍റീനോ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്‍റീന്‍ സൗകര്യമോ അനുവദിക്കാം.
ക്വാറന്‍റീനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികളുമായോ മറ്റ് രോഗബാധയുള്ള വ്യക്തികളുമായോ യാതൊരുവിധ സമ്പര്‍ക്കവും പാടില്ല. ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിക്കണം.
ഹോം ക്വാറന്‍റീന്‍ ചട്ടങ്ങള്‍ അനുസരിച്ചുകൊള്ളാമെന്ന് വ്യക്തി സമ്മതപത്രം നൽകണം. മാര്‍ഗനിർദേശങ്ങള്‍ ലംഘിക്കുന്നവരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.