ഒന്നാം സമ്മാനം സ്വന്തം വീട്! ലോട്ടറിവിറ്റ് മൂന്ന് കോടി സമാഹരിച്ച ബെന്നിയുടേത് തട്ടിപ്പെന്ന് ടിക്കറ്റ് വാങ്ങിയവർ
text_fieldsബെന്നി, ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച വീട്
കണ്ണൂർ: സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച് ലോട്ടറി വിറ്റ കണ്ണൂരിലെ ബെന്നി തോമസിനെതിരെ ലോട്ടറി വാങ്ങിയ ആളുകൾ രംഗത്ത്. അർബുദ ബാധിതയായ ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനെന്ന് പറഞ്ഞാണ് കേളകം അടക്കാതോട്ടിലെ ബെന്നി തോമസ് ലോട്ടറി ടിക്കറ്റ് മാതൃകയിൽ കൂപ്പൺ വിറ്റത്. ഈ ഇടപാട് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
1500 രൂപയുടെ കൂപ്പണുകൾ വിറ്റ് മൂന്ന് കോടി രൂപയോളം സമാഹരിച്ചതായും ഇതുസംബന്ധിച്ച് കണ്ണൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ലോട്ടറി വകുപ്പ് തടഞ്ഞത് കൊണ്ടാണ് നറുക്കെടുപ്പ് നടക്കാതെ പോയതെന്ന് നാട്ടുകാർ കരുതിയതായും എന്നാൽ വൻ തട്ടിപ്പാണ് നടന്നതെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി.കെ. ഹാരിസ്, പ്രവീൺ കൃഷ്ണൻ, എ.ബി. ഷമിത്ത്, ടി. പ്രശോഭ് എന്നിവർ പറഞ്ഞു.
‘ജപ്തി ഭീഷണിയും ഭാര്യയുടെ അസുഖവും ചൂണ്ടിക്കാട്ടിയാണ് ലോട്ടറിയിലൂടെ പണം സമാഹരിച്ചത്. 3300 ചതുരശ്രയടി വിസ്തീർണമുള്ള സ്വന്തം വീടും 26 സെന്റ് ഭൂമിയും ഒന്നാം സ്ഥാനമായി പ്രഖ്യാപിച്ചാണ് 2025 മാർച്ചിൽ ബെന്നി തോമസ് ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ച് വിൽപന നടത്തിയത്. രണ്ടാം സമ്മാനം യൂസ്ഡ് ഥാർ കാർ, മൂന്നാം സമ്മാനം യൂസ്ഡ് മാരുതി സെലേറിയോ കാർ, നാലാം സമ്മാനം പുതിയ എൻഫീൽഡ് ബുള്ളറ്റ് എന്നിവയാണ് പ്രഖ്യാപിച്ചത്
10000 ടിക്കറ്റുകൾ വിൽക്കാനാണ് പദ്ധതി എന്നായിരുന്നു ബെന്നി പറഞ്ഞിരുന്നത്. മേയ് 25ന് നറുക്കെടുപ്പ് നടത്താനാണ് നിശ്ചയിച്ചതെങ്കിലും കൂപ്പണുകൾ പ്രതീക്ഷിച്ചതുപോലെ വിൽക്കാൻ കഴിയാത്തതിനാൽ ഡിസംബർ 20 ലേക്ക് നറുക്കെടുപ്പ് തീയതി നീട്ടി. എന്നാൽ, നാടകീയമായി നറുക്കെടുപ്പന്റെ തലേദിവസം ലോട്ടറി വകുപ്പിന്റെ പരാതിയിൽ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ നറുക്കെടുപ്പ് മുടങ്ങി. ലോട്ടറികൾ വിറ്റ് ബെന്നി മൂന്നു കോടിയോളം രൂപ സമാഹരിച്ചു.നറുക്കെടുപ്പിന്റെ തലേദിവസം ഇയാൾ അറസ്റ്റിൽ ആയതിലും സംശയമുണ്ട്’ -ലോട്ടറി വാങ്ങിയവർ പറയുന്നു.
മാധ്യമങ്ങളിൽ അടക്കം വാർത്ത വന്ന് എല്ലാവരും അറിഞ്ഞ സംഭവത്തിൽ കേസെടുക്കാൻ മാസങ്ങൾ പിന്നിട്ട് നറുക്കെടുപ്പിന്റെ തലേദിവസം വരെ കാത്തിരുന്നത് എന്തിനാണെന്ന് ഇവർ ചോദിക്കുന്നു. നേരത്തെ ആക്ഷൻ എടുത്തിരുന്നെങ്കിൽ ഇത്രയും ആൾക്കാരുടെ പൈസ നഷ്ടമാകില്ലായിരുന്നു.
അറസ്റ്റിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നാണ് പണം നൽകിയവരോട് ബെന്നി പറഞ്ഞത്. പിന്നീട് താൻ വിദേശത്താണെന്ന് ബെന്നി തന്നെ സന്ദേശം അയക്കുകയും ചെയ്തു. തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന സംശയവും ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

