പലിശ പണമിടപാടുകാരനായ മുൻ പൊലീസുകാരന്‍റെ ഭീഷണി; വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി
text_fieldsപറവൂർ: പണമിടപാടിനെച്ചൊല്ലി റിട്ട. പൊലീസുകാരൻ ഭീഷണിപ്പെടുത്തിയ വീട്ടമ്മ പുഴയിൽ മരിച്ചനിലയിൽ. കോട്ടുവള്ളി സൗത്ത് റേഷൻകടക്ക് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയെയാണ് (46) ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കടവിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽനിന്ന് കാണാതായിരുന്നു.
2022ൽ കോട്ടുവള്ളി സ്വദേശിയായ മുൻ പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ആശ പലപ്രാവശ്യമായി വിവിധ ആവശ്യങ്ങൾക്ക് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് കൊടുത്തുതീർത്തതായും പറയുന്നു. എന്നാൽ, കൂടുതൽ തുക നൽകാനുണ്ടെന്നും എത്രയുംവേഗം നൽകണമെന്നും പറഞ്ഞ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനടക്കം ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. സംഭവത്തിൽ മാനസികസമ്മർദത്തിലായ വീട്ടമ്മയെ നാലുദിവസം മുമ്പ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവർ എസ്.പി ഓഫിസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തി.
ഇനി വീടുകയറി ഭീഷണിപ്പെടുത്തരുതെന്നും തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ തിങ്കളാഴ്ച രാത്രിയോടെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ളവർ സ്ത്രീയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തന്റെ മരണത്തിന് കാരണക്കാരായവരുടെ പേരുകളടക്കം കുറിപ്പ് എഴുതിവെച്ചശേഷമാണ് പുഴയിൽ ചാടിയത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
സംസ്കാരം ബുധനാഴ്ച കോട്ടുവള്ളി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കൾ: ഗോഡ്സൺ, ജീവനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.