‘5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലങ്ങളുണ്ട് നിങ്ങൾക്ക്’; സി.പി.ഐയോട് സി.പി.എം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ പ്രവർത്തനത്തെ പോലും ബാധിക്കും വിധം ഉപനേതൃപദവിയിലെ തർക്കം പരസ്പരം ചെളിവാരിയെറിയലുകളിലേക്കും വഴിമാറുന്നു. പിണറായി വിജയനെ കടന്നാക്രമിച്ചുള്ള സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ ജനയുഗം ലേഖനത്തിന് പിന്നാലെ രൂക്ഷ പരിഹാസവുമായി സി.പി.എം സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനൻ രംഗത്തെത്തി. ‘രണ്ട് ലക്ഷം വോട്ടുള്ള നിയമസഭ മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലങ്ങൾ സി.പി.ഐക്കുണ്ട് സർ’ എന്നാണ് മോഹനന്റെ ചോദ്യം. ‘എന്നും മുന്നണിയിൽ സമ്മർദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.എം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ച് ഗവൺമെന്റിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോല്വി. എന്തോ മഹാത്യാഗം ചെയ്താണ് കേരളത്തിൽ മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ഭരണം ഉപേക്ഷിച്ചതെന്നാണ് ഭാവം’ -മോഹനൻ പറഞ്ഞു. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച സി.പി.ഐ ദേശീയ നേതൃത്വത്തിനുമുണ്ട് മോഹന്റെ പരിഹാസം. സി.പി.ഐയുടേത് വിലകുറഞ്ഞ സമ്മർദ തന്ത്രമാണെന്നും സാധാരണ സംസ്ഥാനത്തെ ഒരു കൊച്ചു കാര്യത്തിന്റെ പേരിൽ ‘ഈ അഖിലേന്ത്യൻമാർ’ ഒന്നും കയറി വാളെടുക്കാറില്ലെന്നുമാണ് മോഹനൻ പ്രതികരിച്ചത്.
മുന്നണിയെന്ന രാഷ്ട്രീയ പ്ലാറ്റ്ഫോമിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യും വിധമാണ് പരിധിവിട്ട് പരസ്യ പോരടിക്കൽ. അഭിപ്രായവ്യത്യാസങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെ തെരുവിൽ ഏറ്റുമുട്ടും വിധമായിട്ടില്ല. എല്ലാവരും പരസ്യ പ്രതികരണം നടത്തുകയാണ്. ഇതിനെ നിയന്ത്രിക്കേണ്ട മുന്നണി നേതൃത്വമാകട്ടെ ഒരുപക്ഷം ചേർന്ന് നിശബ്ദമായി സി.പി.ഐ ആവശ്യത്തെ നിരാകരിക്കുകയുമാണ്. മധ്യസ്ഥ ശ്രമങ്ങൾക്ക് ത്രാണിയുള്ള കക്ഷിനേതാക്കളും മുന്നണിയിലില്ല. എൽ.ഡി.എഫിലെ 11ഓളം പാർട്ടികളിൽ എട്ട് കക്ഷികൾക്ക് നിയമസഭയിൽ പ്രാതിനിധ്യമില്ല. ശേഷിക്കുന്ന മൂന്ന് പാർട്ടികളിൽ സി.പി.എമ്മും സി.പി.ഐയും ഒന്നിച്ച് വാർത്തസമ്മേളനത്തിനെത്തുന്നത് പോലും വാർത്തയാകുംവിധമാണ് രാഷ്ട്രീയ സാഹചര്യം. സി.പി.ഐയുടെ സമ്മർദങ്ങൾക്ക് പിന്നിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പരോക്ഷ പിന്തുണയുണ്ടെന്നും സൂചനയുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ സി.പി.ഐ രൂക്ഷമായി പ്രതികരിച്ചിട്ടും ഒരു വിഭാഗം നേതാക്കൾ മൗനം പുലർത്തുന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിയായ പിണറായിക്ക് കിട്ടിയിരുന്ന പിന്തുണ പ്രതിപക്ഷ നേതാവായ പിണറായിക്ക് പാർട്ടിയിൽ കിട്ടുന്നില്ലെന്നതാണ് ഈ നിസ്സംഗതയിൽനിന്ന് വെളിപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

