ഭർത്താവിനെ തേടിയെത്തിയ യു.പി സ്വദേശിനിക്ക് മനുഷ്യാവകാശ കമീഷൻ പിന്തുണ
text_fieldsകോലഞ്ചേരി: മഴുവന്നൂരിൽ ഭർത്താവിനെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന യു.പി സ്വദേശിനിയുടെ വിഷയത്തിൽ മനുഷ്യാവകാശ കമീഷെൻറ ഇടപെടൽ. യു.പി സ്വദേശിനി ജതീൻ ഷെയ്ഖാണ് മകൻ ജോഹന്നാനോടൊപ്പം ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മഴുവന്നൂരിലെ ഭർതൃവീട്ടിലെത്തിയത്. ഇവർ വന്നതോടെ ഭർതൃപിതാവും മാതാവും വീടു പൂട്ടി സ്ഥലം വിട്ടു. വീടിന്‍റെ ടെറസ്സിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി. മോഹൻദാസ് ഇവരെ കാണാനെത്തിയത്. സംഭവത്തിൽ കേസെടുക്കാനും മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.
യുവതിയുടെ ഭർത്താവായ മഴുവന്നൂർ കക്കാട്ടിൽ അനിൽ ചെറിയാനെ ഉടൻ കണ്ടെത്തണമെന്ന് കമീഷൻ ചെയർമാൻ പൊലീസിന് നിർദേശം നൽകി. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വനിത ക്ഷേമ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
2004ൽ യു.പിയിൽ വെച്ചാണ് അനിൽ ചെറിയാന്‍റെയും ജതീന്‍റെയും വിവാഹം നടന്നത്. രണ്ടുപേരും യു.പിയിലെ എയറോനോട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളായിരുന്നു. മൂന്ന് വർഷം ഇവർ ഒരുമിച്ചാണ് താമസിച്ചത്. ഈ സമയത്ത് പലതവണ മഴുവന്നൂരിലെ വീട്ടിൽ വന്നിട്ടുണ്ട്. മകൻ ജനിച്ചതിനു ശേഷം ജതീന് വീട്ടുകാർ നൽകിയ 6 ലക്ഷം രൂപയും 20 പവന്‍റെ സ്വർണാഭരണങ്ങളുമായി അനിൽ ചെയറിയാൻ കടന്നുകളയുകയായിരുന്നു എന്ന് യുവതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.