കൊച്ചിയിൽ നടുറോഡിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
text_fieldsകൊച്ചി: പാലാരിവട്ടം ചാത്തങ്ങാട് എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിന് സമീപം നടുേറാഡിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. ആലപ്പുഴ വട്ടപ്പിള്ളി സക്കറിയ ബസാറിൽ നവരേജ് പുരയിടത്തിലെ സുമയ്യയാണ് (27) കൊല്ലപ്പെട്ടത്. ഭർത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഓട്ടോഡ്രൈവർ വടക്കേ ചേന്നാട്ടുപറമ്പിൽ സജീറിനെ (32) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ വാർഡനാണ് സുമയ്യ. 10 മാസത്തോളമായി ഇരുവരും കുടുംബപ്രശ്നങ്ങളെത്തുടർന്ന് അകന്ന് താമസിക്കുകയാണ്. സജീർ ആലപ്പുഴയിലും സുമയ്യ എറണാകുളത്തുമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച എറണാകുളത്തെത്തിയ സജീർ സുമയ്യയെ കാണാൻ വരുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. ഇതിനുശേഷം സുമയ്യയുടെ നിലവിളികേട്ടാണ് പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തിയത്.
കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. വയറ്റിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ സ്വകാര്യ സ്ഥാപനത്തിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. സുമയ്യ ഫോണിൽ വിളിച്ച് വരുത്തിയതാണെന്ന് സജീർ പൊലീസിനോട് പറഞ്ഞു. തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതാണേത്ര ആക്രമണത്തിന് കാരണം.
സുമയ്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സജീർ ആരോപിക്കുന്നതായും നോർത്ത് സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. പീറ്റർ പറഞ്ഞു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ഇവർക്ക് നാലും ഏഴും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഇവർ സജീറിനൊപ്പമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.