താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന യാസിറും രണ്ടുമാസം മുൻപ് മാതാവിനെ വെട്ടിക്കൊന്ന ആഷിഖും സുഹൃത്തുക്കൾ..!; യാസിറിനായി തിരച്ചിൽ ഊർജിതമാക്കി
text_fieldsതാമരശ്ശേരി (കോഴിക്കോട്): താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന യാസിറും രണ്ടുമാസം മുൻപ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖും അടുത്ത് സുഹൃത്തുക്കളെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്ത്.
ജനുവരി 18നാണ് ലഹരിക്കടിമയായ ആഷിഖ് (25) അടിവാരം സ്വദേശിയായ മാതാവ് സുബൈദയെ(53) കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് പുതുപ്പാടി കക്കാട് നാക്കിലമ്പാട് അബ്‌ദുറഹ്മാൻ എന്ന കുഞ്ഞിയുടെ മകൾ ഷിബിലയെ (24) ഭർത്താവ് യാസിർ (25) വെട്ടിക്കൊലപ്പെടുത്തുന്നത്. അക്രമത്തിൽ ഷിബിലയുടെ മാതാപിതാക്കൾക്ക് ഗുരുതര പരിക്കേറ്റു.
ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട യാസിറിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. എസ്റ്റേറ്റ്മുക്കിലെ പെട്രോൾ പമ്പിൽ നിന്ന് 2000രൂപയുടെ പെട്രോൾ അടിച്ച് പണം കൊടുക്കാതെയാണ് പ്രതി മുങ്ങിയതെന്ന് വിവരം കിട്ടിയിട്ടുണ്ട്. കെ.എൽ.57 എക്സ് 4289 ആൾട്ടോ കാറിലാണ് രക്ഷപ്പെട്ടത്.
ഭാര്യവീട്ടിലേക്ക് വെട്ടുകത്തിയുമായി എത്തിയ യാസിർ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ഷിബിലയെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനക്കും വെട്ടേറ്റത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെതുടർന്ന് പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷിബില മരിച്ചു.
യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം മർദിക്കുന്നത് കാരണം ഷിബിലയും മൂന്ന് വയസ്സുകാരി മകളും ഒന്നര മാസമായി കക്കാടുള്ള സ്വന്തം വീട്ടിലാണ് താമസം. യാസിറും കുടുംബവും ഈങ്ങാപ്പുഴക്കു സമീപം കുഞ്ഞികുളത്ത് വാടകക്കാണ് താമസിച്ചിരുന്നത്. ഷിബില തന്റെ വീട്ടിലേക്ക് വരാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.