കരിപ്പൂരിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; രണ്ട് കണ്ണൂര്‍ സ്വദേശികൾ അറസ്റ്റിൽ
text_fieldsറിജില്‍, റോഷന് ആര്. ബാബു
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് ഒമ്പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര് പൊലീസിന്റെ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് അബൂദബി വഴി എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് സ്വീകരിക്കാനെത്തിയ കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടിന് അബൂദബിയില്‍ നിന്നെത്തിയ ഇത്തിഹാദ് എയര്‍വേസിലെ യാത്രക്കാരനാണ് കഞ്ചാവെത്തിച്ചതെന്ന് ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥ് പറഞ്ഞു.
ഡാന്‍സാഫ് സംഘത്തിന്റേയും വിമാനത്താവള ഇന്റലിജൻസ് സംഘത്തിന്റേയും പരിശോധനയില്‍ വിദേശത്തുനിന്ന് കൊണ്ടുവന്ന കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ റിജിലും റോഷനും പിടിയിലാകുകയായിരുന്നു. അബൂദബിയില്‍ നിന്നെത്തിയ യാത്രക്കാരന് കൊണ്ടുവന്ന 18 കിലോഗ്രാം കഞ്ചാവടങ്ങിയ ട്രോളിബാഗ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
വിമാനത്താവളത്തില്‍ കറങ്ങിനടന്ന ഇരുവരെയും ചോദ്യം ചെയ്തപ്പോൾ ഫോട്ടോയെടുക്കാനെത്തിയതാണെന്നാണ് ആദ്യം മൊഴി നല്‍കിയത്. ഡാന്‍സാഫ് ചുമതലയുള്ള എസ്.ഐ ജിഷിലിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്ത് പുറത്തുവന്നത്. കഞ്ചാവ് കൊണ്ടുവന്ന യാത്രക്കാരന്റെ ഫോട്ടോകളും വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു.
ലഹരിയടങ്ങിയ ട്രോളിബാഗ് പിടികൂടിയതിനിടെ കഞ്ചാവ് കൊണ്ടുവന്ന യാത്രക്കാരന് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളം വിട്ട യാത്രക്കാരനെ ടാക്സി വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് പിന്തുടര്ന്നെങ്കിലും കാറില്‍ ബാഗ് ഉപേക്ഷിച്ച് യാത്രക്കാരന് കടന്നുകളഞ്ഞെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അബൂദബി വഴി ലഹരിയെത്തിച്ച യാത്രക്കാരനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. വിദേശത്തുള്ള കണ്ണികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.