കാലിക്കറ്റ് സർവകലാശാല സെനറ്റിൽനിന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പുറത്ത്
text_fieldsഐ.സി. ബാലകൃഷ്ണൻ
തേഞ്ഞിപ്പലം: സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണനെ കാലിക്കറ്റ് സർവകലാശാല സെനറ്റിൽനിന്ന് പുറത്താക്കി. തുടർച്ചയായി മൂന്ന് സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ സർവകലാശാല നിയമമനുസരിച്ച് സെനറ്റ് അംഗത്വം റദ്ദാവും. തുടർച്ചയായി ഏഴ് യോഗങ്ങളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പങ്കെടുത്തിട്ടില്ല.
തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ശനിയാഴ്ച നടന്ന യോഗത്തിൽ അത് പരിഗണിച്ചില്ല. വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള നോമിനിയെ കണ്ടെത്താനുള്ള പ്രത്യേക യോഗമായതിനാലാണ് അപേക്ഷ പരിഗണിക്കാതിരുന്നതെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. അടുത്ത സെനറ്റ് യോഗത്തിൽ അപേക്ഷ പരിഗണിക്കും. ഭൂരിഭാഗം സെനറ്റംഗങ്ങൾ അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിന് അനുമതി നൽകിയാൽ അംഗത്വം പുനഃസ്ഥാപിക്കാനാകും.
അതേസമയം സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത കപില വേണു അംഗത്വം രാജിവെച്ചു.
ബി.ജെ.പി സെനറ്റ് അംഗങ്ങളുടെ കൂടെ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നതിലാണ് രാജിയെന്നാണ് വിവരം. കല-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധിയായാണ് ഗവർണർ കപിലയെ നാമനിർദേശം ചെയ്തത്. ഈ ഒഴിവിലേക്ക് പുതിയ അംഗത്തെ ഗവർണർ ഉടൻ നാമനിർദേശം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.