ഇടുക്കി ഡാം ഇതുവരെ തുറന്നത് 5 തവണ; അന്ന് ഇങ്ങനെയായിരുന്നില്ലെന്ന് എല്ലാ തവണയും സാക്ഷിയായവർ
text_fieldsരവീന്ദ്രനാഥ്, പവിത്രൻ
ചെറുതോണി: ഇടുക്കി അണക്കെട്ട് ഇതുവരെ തുറന്നത് അഞ്ച് തവണ. അപ്പോഴെല്ലാം അതിന് സാക്ഷികളായി രണ്ട് പേരുണ്ടായിരുന്നു; പവിത്രൻ എന്ന 77കാരനും രവീന്ദ്രനാഥ് എന്ന 89കാരനും. തുറന്ന ഡാമിൽനിന്ന് വെള്ളം പെരിയാറ്റിലൂെട കുതിക്കുന്നത് ഇവർക്ക് ആവേശം തുളുമ്പുന്ന ഒാർമയാണ്.
1981 ഒക്ടോബറിലെ മഴക്കാലത്താണ് ഡാം ആദ്യമായി തുറന്നത്. പെരിയാറ്റിലൂടെ വെള്ളം ഇരമ്പിയെത്തുന്നത് പഴയ വീടിെൻറ വരാന്തയിലിരുന്ന് ഭാര്യക്കും മക്കൾക്കുമൊപ്പം കണ്ടു പവിത്രൻ. കൂട്ടുകാരോടൊപ്പം മീൻ പിടിക്കാൻ പോയ ഒാർമകളും ഉണ്ട്. 1992ൽ രണ്ടാമത് തുറന്നപ്പോൾ പെരിയാറ്റിലെ ജലപ്രവാഹം നോക്കിനിന്നത് മറക്കാനാവാത്ത അനുഭവമാണ്. എന്നാൽ, 2018ലെ ഡാം തുറക്കൽ നടുക്കുന്ന ഓർമയാണ്. ചെറുതോണി പാലത്തിന് സമീപം ബുക്ക് സ്റ്റാൾ നടത്തുന്ന പത്ര ഏജൻറ് കൂടിയായ പവിത്രെൻറ സമ്പാദ്യമെല്ലാം അന്ന് വെള്ളമെടുത്തു. 1959ൽ തൊടുപുഴ ഉടുമ്പന്നൂരിൽനിന്ന് വാഴത്തോപ്പിലെത്തിയ ഇദ്ദേഹം ഇ.എം.എസ് നമ്പൂതിരിപ്പാട് തറക്കല്ലിട്ടത് മുതൽ ഇന്ദിരാഗാന്ധി ഡാം രാഷ്ട്രത്തിന് സമർപ്പിച്ചതുവരെയുള്ള സംഭവങ്ങൾക്കെല്ലാം സാക്ഷിയുമാണ്.
അണക്കെട്ട് തുറക്കുന്നത് കാണാൻ കാര്‍ത്തിക വീട്ടില്‍ ഡോ. പി.സി. രവീന്ദ്രനാഥ് ഇത്തവണയും എത്തി. 1961ല്‍ കൊൽക്കത്ത ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍നിന്ന് ഡി.എം.എസ് നേടിയ ശേഷം ജോലിയുമായി ബന്ധപ്പെട്ടാണ് ഇടുക്കിയിലെത്തിയത്. ഡാമിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുതലുള്ള കാര്യങ്ങൾക്ക് സാക്ഷിയാണ്. ആദ്യം അണക്കെട്ട് തുറന്നപ്പോൾ കാണാൻ നൂറുകണക്കിന് ആളുകള്‍ മല കയറിയെത്തിയതായി ഇദ്ദേഹം ഒാർക്കുന്നു. ഷട്ടറിനിടയിലൂടെ വെള്ളം കുതിച്ചുചാടിയപ്പോൾ കണ്ടുനിന്നവർ കരഘോഷം മുഴക്കി. അത്രയും ആഘോഷവും ആവേശവും പിന്നീട് ഉണ്ടായിട്ടില്ല. കൃത്യമായ മുന്നൊരുക്കവും മുന്നറിയിപ്പുകളുമുണ്ടായിരുന്നതിനാൽ ഇത്തവണ ആശങ്ക കുറവായിരുന്നെന്നും രവീന്ദ്രനാഥ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.