എല്ലാം എസ്.പിക്കറിയാം; കൂടുതൽ തെളിവായി എസ്.ഐയുടെ മൊഴി
text_fieldsതൊടുപുഴ: ‘എല്ലാം എസ്.പിക്കറിയാം’. അനധികൃത കസ്റ്റഡി വിവരം ജില്ല പൊലീസ് മേധാവിയെ അറിയിച്ച സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് നെടുങ്കണ്ടം എസ്.ഐ പറഞ്ഞതിങ്ങനെ. ഇക്കാര്യം സസ്പെൻഷനിലുള്ള എസ്.ഐ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. രാജ്കുമാറിെൻറ കസ്റ്റഡി മർദനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിെൻറ ഇതുസംബന്ധിച്ച ചോദ്യം െചയ്യലിലായിരുന്നു നെടുങ്കണ്ടം സ്‌റ്റേഷനിലെ മൂന്നാംമുറ, എസ്.പി അറിഞ്ഞായിരുന്നെന്ന് വ്യക്തമാകുന്ന അധിക വെളിപ്പെടുത്തൽ.
മദ്യപിച്ചെത്തിയായിരുന്നു രാജ്കുമാറിനെ ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്തിരുന്നതെന്നും രാത്രി ഇയാളെ ഉറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും സ്‌റ്റേഷനിലെ തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ട്്. ജൂൺ 12 മുതൽ 16 വരെ നാലുദിവസവും മർദനം തുടർന്നെന്നും കാര്യമായി ഭക്ഷണം നൽകിയിരുന്നില്ലെന്നും നടപടിക്ക് വിധേയരായവരും അല്ലാത്തവരുമായ പൊലീസുകാരിൽനിന്ന് വിവരം ലഭിച്ചു. മുളക് അരച്ച് രാജ്കുമാറിെൻറ രഹസ്യഭാഗങ്ങളിൽ തേച്ചും ചോദ്യം ചെയ്യലുണ്ടായെന്ന് സംശയിക്കുന്ന സൂചനകളും അന്വേഷണത്തിൽ ലഭിച്ചതായാണ് വിവരം.
ഇടുക്കി എസ്.പിയെ ബഹിഷ്കരിക്കാൻ കോൺഗ്രസ്
തൊടുപുഴ: കസ്റ്റഡി മരണത്തിൽ ഇടുക്കി ജില്ല പൊലീസ് മേധാവിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ ഇദ്ദേഹത്തെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ. എസ്.പിയുടെ ജില്ലയിലെ പൊതുചടങ്ങുകൾ, മീറ്റിങ്ങുകൾ ഉൾപ്പെടെ പരിപാടികൾ ബഹിഷ്കരിക്കാനാണ് തീരുമാനം. ഈ ഉദ്യോഗസ്ഥെന മാറ്റിനിർത്തി മൂന്നാംമുറ അന്വേഷിക്കണം.
പീരുമേട് സബ് ജയിലിലുണ്ടായ വീഴ്‌ചയും സമഗ്രമായി അന്വേഷിക്കണം. കേസിെൻറ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സംഭവം നടന്ന് 12 ദിവസമായിട്ടും സമര്‍പ്പിക്കാത്തത് അന്വേഷണസംഘത്തിെൻറ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. വിചാരണത്തടവുകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന സി.പി.എം നയത്തിന് വിരുദ്ധമായാണ് മന്ത്രി എം.എം. മണിയുടെ രാജ്‌കുമാറിനെതിരായ പരാമര്‍ശം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ കോണ്‍ഗ്രസ് സമരവുമായി മുമ്പോട്ടുപോകും.
ബുധനാഴ്ച രാവിലെ 11ന് ഉടുമ്പന്‍ചോല, നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ജൂലൈ അഞ്ചിന് 11ന് ഇടുക്കി എസ്.പി ഓഫിസിലേക്ക് ഡി.സി.സി ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടുക്കിയിൽ ഇരട്ട നീതി
തൊടുപുഴ: പാർട്ടി ഇടപെട്ടപ്പോൾ ക്രിമിനൽ കേസ് പ്രതിയുടെ മൊഴിയിൽ പൊലീസിനെതിരെ നടപടിയെടുത്തത് ഞൊടിയിടയിൽ. എന്നാൽ, പാർട്ടി പിന്തുണയില്ലാത്ത റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച നെടുങ്കണ്ടം കസ്റ്റഡി മർദനക്കേസിൽ സംഭവം വിവാദമായി പത്തുദിവസത്തിന് ശേഷവും പൊലീസ് കേസ് രജിസ്റ്റർ െചയ്തിട്ടില്ല. അന്വേഷണം നടത്തി പ്രതികളെ ഉറപ്പിച്ച ശേഷം കേസ് എന്നാണ് ഇവിടെ പൊലീസ് നിലപാട്. മുഖ്യ ഭരണപക്ഷ പാർട്ടിയുമായി ബന്ധമുള്ള, എട്ടു ക്രിമിനൽക്കേസിലെ പ്രതിയുടെ മൊഴിയിൽ പൊലീസുകാർക്കെതിരെ കഠിന ദേഹോപദ്രവമേൽപിച്ചെന്ന വകുപ്പിൽ മൂന്നാം ദിവസംതന്നെ കേസെടുക്കുകയായിരുന്നു, ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്റ്റേഷൻ അധികൃതർ.
നെടുങ്കണ്ടം സംഭവമുണ്ടായി രണ്ടുദിവസത്തിന് ശേഷം റിപ്പോർട്ട് ചെയ്ത സംഭവത്തിലാണിത്. സ്ഥലം എം.എൽ.എയുടെ അടുപ്പക്കാരനായ പ്രതി ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനില്‍ സതീഷ് കുമാർ (40) തനിക്ക് മര്‍ദനമേറ്റെന്ന് മൊഴി നൽകി മണിക്കൂറുകൾക്കകം എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. പിന്നാലെ സസ്പെൻഷനും. തുടർന്നാണ് മൂന്നാം ദിവസം കേസും ചാർജ് ചെയ്തത്. മൂന്നാർ എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ രാജേഷ്, റൈറ്റർ തോമസ് എന്നിവരെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റുകയും കേസെടുക്കുകയും െചയ്തത്.
പ്രതിയുടെ നട്ടെല്ലിന് പൊട്ടലുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സെക്ഷൻ 342, 323, 324, 326, 306 (1) എന്നീ വകുപ്പുകൾ പ്രകാരവും ഐ.പി.സി 34 അനുസരിച്ചും േകസെടുത്തു. പ്രതിയുടെ മൊഴിയിൽ പറയാത്ത സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ സലീമിെന അടക്കമാണ് ഉന്നത ഉദ്യോഗസ്ഥെൻറ അടിയന്തര നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്. നിരപരാധിയെന്ന സൂചനകളെ തുടർന്ന് പിന്നീട് കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ, അന്വേഷണത്തിെൻറ പേരുപറഞ്ഞ് കുമാറിെൻറ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നു പൊലീസ്. ഭരണ-പ്രതിപക്ഷ ഭേദമെന്യേ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് ഇടുക്കിയിൽ തന്നെ മൂന്നാറിൽ ഒരു നീതിയും നെടുങ്കണ്ടത്ത് മറ്റൊരു നീതിയും പൊലീസ് ഉന്നതർ നടപ്പാക്കുന്നത്.
രാജ്കുമാറിെൻറ കൂട്ടുപ്രതികളായ ശാലിനിയും മഞ്ജുവും ജയിൽ മോചിതരായി
കോട്ടയം: പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാറിെൻറ കൂട്ടുപ്രതികളായിരുന്ന ശാലിനി, മഞ്ജു എന്നിവർ ജയിൽ മോചിതരായി. ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായി കോട്ടയം വനിത ജയിലിലായിരുന്ന ഇരുവർക്കും തിങ്കളാഴ്ച നെടുങ്കണ്ടം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇരുവരും നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ 10ന് ജയിലിൽനിന്ന് പുറത്തിറങ്ങി. എന്നാൽ, ഇവർ എങ്ങോട്ടാണ് പോകുന്നതിെനക്കുറിച്ച് പൊലീസിന് വിവരമൊന്നുമില്ല.
ഹരിത ഫിനാൻസിൽ പണം നിക്ഷേപിച്ചവരുടെ പരാതിയെത്തുടർന്ന് രാജ്കുമാറിനൊപ്പം ഇവരെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്ത കോടതി കോട്ടയം വനിത ജയിലിലേക്ക് അയച്ചു.
തിങ്കളാഴ്ച ഇവരെ രാജ്കുമാറിെൻറ മരണം അന്വേഷിക്കുന്ന െക്രെംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. രാജ്കുമാറിെൻറ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമായിരുന്നു തങ്ങളെന്നാണ് ഇരുവരും മൊഴി നല്‍കിയത്. സ്ഥാപനത്തിലെ കാര്യങ്ങള്‍ എല്ലാം നോക്കിനടത്തിയിരുന്നത് രാജ്കുമാര്‍ ആയിരുന്നുവെന്നും കേസ് വന്നപ്പോള്‍ എല്ലാം വക്കീല്‍ നോക്കുമെന്നാണ് പറഞ്ഞതെന്നുമാണ് ഇവർ അന്വേഷണസംഘത്തെ അറിയിച്ചത്.നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രാജ്‍കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
നെടുങ്കണ്ടം സ്‌റ്റേഷനിലെ ഇടിമുറിയിൽ തനിക്കും മർദനമേറ്റെന്ന് യുവാവ്
ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ തനിക്കും കസ്റ്റഡി മര്‍ദനം ഉണ്ടായതായി മുണ്ടിയെരുമ സ്വദേശി ഹക്കീമിെൻറ (31) വെളിപ്പെടുത്തല്‍. കുടുംബവഴക്കിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയ ശേഷമായിരുന്നു മര്‍ദനം. തെൻറ ഉമ്മയുടെ മുന്നിലിട്ടും പൊലീസ് മര്‍ദിച്ചു. ഇവർ നിലവിളിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് താൻ പിടിച്ചുനിന്ന സെല്ലിെൻറ ഗ്രില്‍ വളഞ്ഞുപോയതായി ഹക്കീം പറയുന്നു. ഗ്രില്‍ നിവര്‍ത്തി തന്നില്ലെങ്കില്‍ മകനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്ന് തന്നെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി ഹക്കീമിെൻറ ഉമ്മയും പറയുന്നു. തുടര്‍ന്ന് വളഞ്ഞ ഗ്രില്‍ തിങ്കളാഴ്ച നന്നാക്കിക്കൊടുത്തു.
കഴിഞ്ഞ 14ന് വെള്ളിയാഴ്ചയാണ് ഹക്കീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തന്നെ കസ്റ്റഡിയിലെടുത്ത ദിവസം സ്‌റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍നിന്ന് വലിയ നിലവിളി കേട്ടിരുന്നു. സെല്ലില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ ആരാണെന്ന് കാണാനായില്ല. എന്നാല്‍, ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിരുന്നു. പൊലീസുകാര്‍ വന്നും പോയും മര്‍ദിക്കുകയായിരുന്നു. രാജ്കുമാറിനെ മര്‍ദിച്ച പൊലീസുകാര്‍ തന്നെയാണ് തന്നെയും മര്‍ദിച്ചതെന്നും ഹക്കീം പറഞ്ഞു. 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്നും മൂത്രതടസ്സമുള്ളതായും ഹക്കീം പറയുന്നു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയെ കാണാനും കോടതിയെ സമീപിക്കാനുമുള്ള ഒരുക്കത്തിലാണ് ഹക്കീം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.