ഇടുക്കി അണക്കെട്ട് നിറയും; 27 ശതമാനം കൂടി ജലനിരപ്പ് ഉയർന്നാൽ
text_fieldsതൊടുപുഴ: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. കെ.എസ്.ഇ.ബി പുറത്തുവിട്ട കണക്ക് പ്രകാരം ജലനിരപ്പ് 73 (73.72) ശതമാനം കടന്നു. നിലവിൽ ജലനിരപ്പ് 2379.98 അടിയാണ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 4.83 അടി ഉയർന്ന് 2384.81 അടി ആയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും.
നിലവിൽ 1075.90 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 73.72 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്.
റൂൾകർവ് നിയമം പ്രകാരം ജലനിരപ്പ് 2371 അടി കടന്നപ്പോൾ അധികൃതർ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു. 2384.81 അടി ആയാൽ ഓറഞ്ച് അലർട്ടും 2385.81 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. വീണ്ടും ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം.
അതേസമയം, ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്ന സംസ്ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ കക്കി, മൂഴിയാര്‍, ഇടുക്കിയിലെ മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, തൃശ്ശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, വയനാട്ടിലെ ബാണാസുരസാഗര്‍ എന്നീ അണക്കെട്ടുകള്‍ക്കാണ് മുന്നറിയിപ്പ്. ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്ത് വിടുന്നുണ്ട്. അണക്കെട്ടുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് അധികൃതർ ജാഗ്രത നിര്‍ദേശം നല്‍കി.
അതിനിടെ, സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.