Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ഭൂപതിവ്...

ഇടുക്കി ഭൂപതിവ് നിയമഭേദഗതി ഈ മാസം പ്രാബല്യത്തിൽ വരും -റവന്യു മന്ത്രി

text_fields
bookmark_border
K Rajan
cancel
camera_alt

കെ. രാജൻ

തിരുവനന്തപുരം: ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിന്‍റെ 'വിഷൻ ആൻറ് മിഷൻ 2021-26'ന്‍റെ അഞ്ചാമത് യോഗത്തിൽ ഇടുക്കി, വയനാട് ജില്ലകളിലെ ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂപതിവ് ചട്ടം ഇടക്കിക്കു മാത്രമല്ല, മറ്റു ജില്ലകൾക്കാകെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ആറര പതിറ്റാണ്ടുകാലത്തെ മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. 2023 സെപ്റ്റംബർ 14ന് നിയമസഭ ഏകകണ്ഠമായാണ് ഭൂനിയമ ഭേദ​ഗതി ബിൽ പാസാക്കിയത്. ​ഗവർണർ ഒപ്പുവെക്കുവാൻ ആറ് മാസത്തെ താമസമുണ്ടായി. ഇടുക്കി ജില്ലയിലെ ജനങ്ങൾക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുന്നതാണ് ചട്ടത്തിന്റെ ഉള്ളടക്കം. സെപ്റ്റംബർ മാസത്തിലേക്ക് കടക്കാതെ തന്നെ ചട്ടം പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറിന്‍റെ ഇടപെടലുകൾ തുടരുന്നുണ്ട്. കോടതി വ്യവഹാരങ്ങളാണ് തടസ്സമായി നിൽക്കുന്നത്. വേ​ഗത്തിൽ തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ നിന്നും റവന്യൂ അസംബ്ലിയിൽ പങ്കെടുത്ത എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, എ. രാജ എന്നിവരുടെ സബ്മിഷനുകൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ജില്ലയിലെ പട്ടയപ്രശ്നങ്ങളും റവന്യൂ അസംബ്ലി ചർച്ച ചെയ്തു. വൈദ്യുതി പദ്ധതി പ്രദേശങ്ങളിലെ പട്ടയങ്ങൾ വിതരണം ചെയ്യാൻ തീരുമാനമുണ്ടാകണമെന്ന് എം.എം. മണി എം.എൽ.എ ആവശ്യപ്പെട്ടു.

എൽഎ പട്ടയങ്ങളാണ് വിതരണം ചെയ്യാൻ സാധിച്ചത്. മറ്റു പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കോടതി വ്യവഹാരങ്ങളിലും തീർപ്പുണ്ടാക്കുവാൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്. പട്ടയം വിതരണം ചെയ്യുന്നതിനുവേണ്ട നടപടിക്രമങ്ങൾ അപേക്ഷകൾ പരിശോധിച്ച് പൂർത്തിയാക്കി വയ്ക്കുവാൻ മന്ത്രി റവന്യൂ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇടുക്കി ജില്ലയിൽ ജാതി സർട്ടിഫിക്കറ്റ് വിതരണത്തിനു വരുന്ന തടസങ്ങൾ മാറ്റണമെന്ന് വാഴൂർ സോമൻ എം.എൽ.എ റവന്യു അസംബ്ലിയിൽ ആവശ്യപ്പെട്ടു. നിയമത്തിൽ പറയുന്ന വിധത്തിൽ ജാതി തെളിയിക്കുന്ന രേഖകൾ രക്ഷാകർത്താക്കൾ‌ക്ക് ഇല്ലെന്നതാണ് പ്രശ്നം. ഇത് വിദ്യഭ്യാസ ആവശ്യത്തിനും മറ്റും വിലങ്ങുതടിയാവുകയാണെന്ന് വാഴൂർ സോമൻ ചൂണ്ടിക്കാട്ടി.

ഇടുക്കി ജില്ലയിലെ ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ റവന്യൂ, പട്ടികജാതി പട്ടിക വർ​ഗ, നിയമ വകുപ്പ് മന്ത്രിമാർ തമ്മിൽ യോ​ഗം ചേരുകയും പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും വേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും റവന്യൂ മന്ത്രി മറുപടി നൽകി.

ഇടുക്കി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ജില്ലയുടെ സ്ഥിതിവിവര റിപ്പോർട്ട് അവതരിപ്പിച്ചു. റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സ്വാ​ഗതം പറഞ്ഞു. ലാൻഡ് റവന്യൂ കമീഷണർ ഡോ. എ കൗശികൻ, റവന്യു വകുപ്പ് ജോയിൻറ് സെക്രട്ടറി എ. ​ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ലാൻഡ് റവന്യൂ ജോയിൻറ് കമീഷണർ കെ. മീര, റവന്യു ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

വയനാട് ജില്ല റവന്യൂ അസംബ്ലിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചുവെങ്കിലും അടിയന്തര സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. പട്ടികജാതി/പട്ടിക വർ​ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenue deptidukki land grabIdukki LandK RajanKerala News
News Summary - Idukki Land Registration Amendment Act to come into effect this month - Revenue Minister
Next Story