'ഒരു അന്ധവിശ്വാസമെങ്കിലും മാറുമെങ്കിൽ അത്രയും നല്ലത്'; കറുപ്പണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കി ഷിബു ബേബി ജോൺ
text_fieldsതിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഷിബു ബേബി ജോൺ എത്തിയത് കറുത്ത വസ്ത്രം ധരിച്ചായിരുന്നു. ശുഭകാര്യങ്ങൾക്കും നല്ല ചടങ്ങുകൾക്കും കറുത്ത വസ്ത്രം ധരിക്കാൻ പാടില്ലെന്ന സമൂഹത്തിലെ പരമ്പരാഗത അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം കറുപ്പണിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. "നല്ല ചടങ്ങുകൾക്ക് കറുപ്പ് ഉപയോഗിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്. ആ അന്ധവിശ്വാസം മാറ്റാൻ വേണ്ടി തന്നെയാണ് ഞാൻ ബോധപൂർവ്വം കറുത്ത വസ്ത്രം ധരിച്ച് ഈ ചടങ്ങിനെത്തിയത്. നമ്മളെക്കൊണ്ട് സമൂഹത്തിലെ ഒരൊറ്റ അന്ധവിശ്വാസമെങ്കിലും മാറ്റാൻ സാധിച്ചാൽ അത് വലിയൊരു കാര്യമല്ലേ?" എന്നായിരുന്നു വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.
കേരള കിസിഞ്ജറുടെ മകൻ ഏറ്റ തോൽവികളെല്ലാം പാഠമാക്കി ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ കാത്തിരുന്നത് രണ്ടാം മന്ത്രിപദം. കേരള രാഷ്ട്രീയം കണ്ട അതികായൻ സാക്ഷാൽ ബേബി ജോണിന്റെ മകനെന്ന പരിചയപ്പെടുത്തലിനപ്പുറം ഷിബു ബേബി ജോൺ സ്വപ്രയത്നംകൊണ്ട് ആർ.എസ്.പിയുടെയും യു.ഡി.എഫിന്റെയും നെടുംതൂണായി മാറിയ രാഷ്ട്രീയ വളർച്ചക്കാണ് മൂന്ന് പതിറ്റാണ്ടിനടുത്ത കാലയളവിൽ കേരളം സാക്ഷിയായത്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലെ തോൽവികളെ പഴങ്കഥയാക്കുന്ന വിജയവുമായി ഇത്തവണ ഷിബു ബേബി ജോൺ എത്തുമ്പോൾ, 10 വർഷത്തെ ഇടവേളക്കുശേഷം ചവറ മണ്ഡലത്തിന് വീണ്ടും മന്ത്രിയെ കിട്ടുകയാണ്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കരുത്തൻ ബേബി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ രാഷ്ട്രീയം ജനനംമുതൽ അടുത്തറിഞ്ഞതാണ്. പിതാവിന്റെ വഴിയിലേക്ക് എത്തുന്നതിന് മുമ്പ് ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദം നേടി ബിസിനസിലേക്കായിരുന്നു ആദ്യ ശ്രദ്ധ. രക്തത്തിലുള്ള പൊതുപ്രവർത്തനം പിന്നാലെ എത്തിയപ്പോൾ ഒഴിഞ്ഞുനിന്നില്ല. പിതാവിന്റെ പിൻഗാമിയായി രാഷ്ട്രീയത്തിലും ആർ.എസ്.പിയുടെ നേതൃനിരയിലും ശോഭിക്കാനും അധികം കാത്തിരിക്കേണ്ടിവന്നില്ല.
ആർ.എസ്.പി (ബേബി ജോൺ) ടിക്കറ്റിൽ 2001ൽ ചവറയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക്. പിന്നാലെ 2006ൽ തോൽവി. 2011ൽ കടുത്ത പോരാട്ടത്തിൽ ജയം പിടിച്ച് തൊഴിൽമന്ത്രിയായി. തൊഴിലാളി ക്ഷേമം, തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം എന്നിങ്ങനെ മന്ത്രിയായി വിവിധ പദ്ധതികളിൽ നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണ്. 2014ൽ ആർ.എസ്.പി പാർട്ടികളുടെ ലയനത്തിന് ചുക്കാൻപിടിച്ച് പുതിയൊരു യുഗത്തിന് തുടക്കമിടാനും കഴിഞ്ഞു. 2016, 2021 തെരഞ്ഞെടുപ്പുകളിൽ ചവറയിൽ തോൽവി നേരിട്ടു. ഇതിനിടയിൽ 2022ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി.
രാഷ്ട്രീയത്തിന് പുറമെ കായികരംഗത്തും സിനിമയിലും സംഗീതത്തിലും താൽപര്യമുള്ള വ്യക്തിയാണ് ഷിബു ബേബി ജോൺ. ബിസിനസിനും വിനോദസഞ്ചാരത്തിനുമായി 53ലേറെ രാജ്യങ്ങൾ സന്ദർശിച്ചു. സിനിമ നിർമാണത്തിലും കൈവെച്ച ഷിബു ബേബി ജോൺ മലൈക്കോട്ടെ വാലിബൻ, ദാവീദ് എന്നീ സിനിമകളുടെ നിർമാതാവാണ്. രാഷ്ട്രീയത്തിലും ബിസിനസിലുമെല്ലാം കരുത്താർന്ന പിന്തുണയുമായി 62കാരനായ ഷിബുവിനൊപ്പം കൊല്ലം ഉപാസന നഗറിലെ വയലിൽ വീട്ടിൽ ഭാര്യ ആനിയും മക്കളായ അച്ചു ബേബി ജോണും അമർ സെബാസ്റ്റ്യൻ ജോണും മാതാവ് അന്നമ്മ ജോണും ഉൾപ്പെടുന്ന കുടുംബവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

